കേരള സര്‍വകലാശാല അസിസ്റന്റ് ഗ്രേഡ് തട്ടിപ്പ്: കുറ്റപത്രം കോടതി സ്വീകരിച്ചു
Wednesday, November 26, 2014 12:57 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റന്റ് നിയമന തട്ടിപ്പ് കേസിലെ പിഴവുകള്‍ പരിഹരിച്ചു ഹാജരാക്കിയ കുറ്റപത്രം വിജിലന്‍സ് പ്രത്യേക കോടതി ഇന്നലെ സ്വീകരിച്ചു. സുപ്രധാനമായ ഏതാനും രേഖകളില്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും ക്രൈംബ്രാഞ്ച് ഹാജരാക്കിയ കുറ്റപത്രം തിങ്കളാഴ്ച ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ സ്വീകരിക്കാതെ മടക്കിനല്കിയിരുന്നു.

ഏറെ കോലാഹലമുണ്ടാക്കിയ കേരള സര്‍വകലാശാല അസിസ്റന്റ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിയാക്കിയിരിക്കുന്നത്. മുന്‍ വൈസ് ചാന്‍സലര്‍ എം.കെ. രാമചന്ദ്രന്‍ നായര്‍, മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ജയപ്രകാശ്, സിന്‍ഡിക്കറ്റിലെ മുന്‍ അംഗങ്ങളും അസിസ്റന്റ് നിയമനത്തിനായി രൂപീകരിച്ച ഇന്റര്‍വ്യു ബോര്‍ഡിലെ അംഗങ്ങളുമായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസല്‍, കെ.എ. ആന്‍ഡ്രൂസ്, മുന്‍ രജിസ്ട്രാര്‍ കെ.എ. ഹാഷിം എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍.

2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ യഥാക്രമം വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറുമായിരുന്ന ഒന്നും രണ്ടും പ്രതികള്‍ മുന്‍കൈയെടുത്തു ക്രമവിരുദ്ധമായും ചട്ടം ലംഘിച്ചും അപേക്ഷ ക്ഷണിച്ചെന്നും അതനുസരിച്ച് 2005 ജൂലൈ മൂന്നിനു കേരള യൂണിവേഴ്സിറ്റി അസിസ്റന്റ് ഗ്രേഡ് - 2 തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ നടത്തിയെന്നുമാണു കേസ്. തുടര്‍ന്നു പരീക്ഷാഫലം പ്രസിദ്ധീകരിച്ചശേഷം അഭിമുഖ പരീക്ഷ നടത്താനിരിക്കെ സിന്‍ഡിക്കറ്റ് അംഗങ്ങളായ റഷീദ്, രാജീവ്, റസല്‍, ആന്‍ഡ്രൂസ് എന്നീ പ്രതികളും, വൈസ് ചാന്‍സലര്‍രാമചന്ദ്രന്‍ നായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജയപ്രകാശ്, രജിസ്ട്രാര്‍ ഹാഷിം എന്നിവരും ചേര്‍ന്ന് എഴുത്തുപരീക്ഷാ ഫലം മറികടന്നു താല്പര്യമുള്ളവരെ തിരുകിക്കയറ്റുന്നതിനായി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്െടത്തല്‍.

2006 സെപ്റ്റംബര്‍ മുതല്‍ 2008 ഏപ്രില്‍ വരെയുള്ള വ്യത്യസ്ത ദിവസങ്ങളില്‍ മൂന്നു മുതല്‍ ആറുവരെ പ്രതികള്‍ അംഗങ്ങളായും ഒന്നാം പ്രതി വൈസ് ചാന്‍സലര്‍ ചെയര്‍മാനായും ഏഴാം പ്രതി രജിസ്ട്രാര്‍ സെക്രട്ടറിയായും രൂപീകരിച്ച ഇന്റര്‍വ്യൂ ബോര്‍ഡ് നിയമവിരുദ്ധമായും വിജ്ഞാപന വ്യവസ്ഥകള്‍ക്കു വിരുദ്ധമായും എഴുത്തുപരീക്ഷയുടെ മാര്‍ക്കിനു മുന്‍ഗണന നല്‍കാതെയും അഭിമുഖ പരീക്ഷയുടെ മാര്‍ക്കിനു പ്രാധാന്യം നല്‍കിയും ഉദ്യോഗാര്‍ഥികളുടെ യഥാര്‍ഥ പ്രാവീണ്യം തിരിച്ചറിയാന്‍ ശ്രമം നടത്താതെ തങ്ങളുടെ താല്പര്യസംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു എന്നു കുറ്റപത്രത്തില്‍ ആരോപിക്കുന്നു. പേരിനു മാത്രമായി, 2007 നവംബര്‍ 12 മുതല്‍ 2008 ഫെബ്രുവരി 29 വരെ കേവലം മുപ്പത്തിനാലു ദിവസങ്ങളില്‍ അഭിമുഖ പരീക്ഷ നടത്തി മാര്‍ക്ക് അപ്പോള്‍ രേഖപ്പെടുത്താതെ പിന്നീടു രേഖപ്പെടുത്തി ഇഷ്ടക്കാരെയും താല്പര്യമുള്ളവരെയും തിരുകിക്കയറ്റാന്‍ ഗൂഢാലോചന നടത്തി. ഇതിനായി കളവായും കൃത്രിമമായും രേഖകള്‍ സൃഷ്ടിച്ച് അര്‍ഹരായ ഉദ്യോഗാര്‍ഥികളെ തഴഞ്ഞശേഷം അനര്‍ഹര്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്കി.


ഉത്തരക്കടലാസുകള്‍ രണ്ടാം പ്രതി കൈപ്പറ്റിയശേഷം മൂല്യനിര്‍ണയം കഴിഞ്ഞ ഉടന്‍ നശിപ്പിച്ചതിലെ ദുരൂഹത, കംപ്യൂട്ടറിലെ വിവരങ്ങള്‍ മായിച്ചുകളഞ്ഞതിലെ ഗൂഢലക്ഷ്യം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, താല്പര്യമുള്ളവര്‍ക്ക് അഴിമതിയിലൂടെ നിയമനം നല്‍കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസിലെ പ്രതികളായ മുന്‍ വിസിയുടേയും മുന്‍ പ്രോ വിസിയുടേയും ലാപ്ടോപ്പുകളുടെ ഹാര്‍ഡ് ഡിസ്കുകള്‍ ഉള്‍പ്പെടെ ഏഴു തൊണ്ടി മുതലുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസില്‍ എഫ്ഐആര്‍ തയാറാക്കിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. സന്തോഷ്കുമാര്‍, മുന്‍ സെനറ്റംഗവും ലോകായുക്തയില്‍ നിയമന തട്ടിപ്പിനെതിരെ ഹര്‍ജി നല്‍കിയയാളുമായ സുജിത്ത് എസ്. കുറുപ്പ്, വിവാദ നിയമനത്തിലൂടെ ജോലി നേടിയ മുന്‍ കേരള യൂണിവേഴ്സിറ്റി വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായ സോണാ റാണി എന്നിവരുള്‍പ്പെടെ 149 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 525-രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. ഗോപകുമാരന്‍ നായരാണു കുറ്റപത്രം സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.