വിശുദ്ധപദ പ്രഖ്യാപന മഹാസമ്മേളനം തിരുവനന്തപുരത്തു ഞായറാഴ്ച
വിശുദ്ധപദ പ്രഖ്യാപന മഹാസമ്മേളനം തിരുവനന്തപുരത്തു ഞായറാഴ്ച
Friday, November 21, 2014 12:11 AM IST
തിരുവനന്തപുരം: വാഴ്ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു തിരുവനന്തപുരത്തു നടക്കുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭാസമൂഹങ്ങള്‍ സംയുക്തമായി പി.എം.ജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടത്തുന്ന ആഘോഷപരിപാടികള്‍ ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നിനു സമാപിക്കും.

തിരുശേഷിപ്പിനു സ്വീകരണം, പഠന ശിബിരം, വിശുദ്ധപദ പ്രഖ്യാപന മഹാസമ്മേളനം, കൃതജ്ഞതാ സമൂഹബലി, സ്നേഹവിരുന്ന്, വിശുദ്ധപദ പ്രഖ്യാപന തത്സമയ പ്രദര്‍ശനം എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടാകുമെന്നു ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. മാണി പുതിയിടം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതിനു വിശുദ്ധരുടെ തിരുശേഷിപ്പു പ്രയാണം എത്തിച്ചേരുന്നതോടെ സമ്മേളനം ആരംഭിക്കും. നവംബര്‍ രണ്ടു മുതല്‍ ജില്ലയിലെ വിവിധ ദേവാലയങ്ങളിലൂടെ വിശുദ്ധരുടെ തിരുശേഷിപ്പു പ്രയാണം നടന്നു വരികയായിരുന്നു. സമ്മേളനദിവസം രാവിലെ 7.30നു തിരുശേഷിപ്പ് പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് സമ്മേളന നഗരിയിലേക്ക് ആനയിക്കപ്പെടും. എട്ടിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സ്വീകരണം നല്‍കും. അവിടെ നിന്നു ഫൊറോനയിലെ യുവദീപ്തി- കെസിവൈഎം അംഗങ്ങളുടെ നേതൃത്വത്തില്‍ തിരുശേഷിപ്പ് സമ്മേളന നഗറിലേക്ക് എത്തിക്കും.

രാവിലെ ഒമ്പതിന് സമ്മേളന നഗറിലെത്തുമ്പോള്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച 250 കുട്ടികളും അള്‍ത്താരബാലന്മാരും കൂടി സ്വീകരിച്ച് തിരുശേഷിപ്പ് സമ്മേളനനഗറില്‍ പ്രതിഷ്ഠിക്കും. 9.30നു ചാവറ പിതാവ് കേരളത്തിന്റെ നവോത്ഥാനനായകന്‍, എവുപ്രാസ്യമ്മ കേരളത്തിന്റെ മിസ്റിക് എന്ന വിഷയത്തില്‍ കേരള പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് നയിക്കുന്ന പഠന ശിബിരം.

പതിനൊന്നിനു വിശുദ്ധപദ പ്രഖ്യാപന പൊതുസമ്മേളനം ആരംഭിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരള ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. മോണ്‍. ഡോ. ജോര്‍ജ് കെ. ഗോമസ്, മേയര്‍ കെ. ചന്ദ്രിക, കെ. മുരളീധരന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. മാണി പുതിയിടം സ്വാഗതവും ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ നന്ദിയും പറയും.

ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണത്തോടെ ഉച്ചയ്ക്കു 12ന് സീറോ മലബാര്‍- ലത്തീന്‍- സീറോ മലങ്കര സഭകളിലെ വൈദികര്‍ ചേര്‍ന്നു കൃതജ്ഞതാ സമൂഹബലി ആരംഭിക്കും. തുടര്‍ന്നു വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിക്കും. തുടര്‍ന്നു സ്നേഹവിരുന്ന്. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധപദപ്രഖ്യാപനചടങ്ങ് വലിയ സ്ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിക്കും.

ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജേക്കബ് നിക്കോളാസ് തോട്ടമടം, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഫാ. തോമസ് ചൂളപ്പറമ്പില്‍, ഫാ. റോജന്‍ പുരയ്ക്കല്‍, ഇമ്മാനുവേല്‍ മൈക്കിള്‍ കൊട്ടാരത്തില്‍, സെബാസ്റ്യന്‍ ജോസ് ഏലുകുന്നേല്‍ എന്നിവരും പങ്കെടുത്തു.

സാന്ത്വനം തേടി ഇടമുറിയാതെ തീര്‍ഥാടകര്‍

ഏറ്റുമാനൂര്‍: ചാവറയച്ചന്റെ സന്നിധിയിലേക്ക് ഇടമുറിയാതെ തീര്‍ഥാടകര്‍. നാമകരണ ദിവസമടുത്തതോടെ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിങ്കലേക്ക് തീര്‍ഥാടകര്‍ ഒഴുകിയെത്തുകയാണ്.

വിശുദ്ധിയുടെ പരിമളം വിശുദ്ധ മാന്നാനം കുന്ന്, എത്തിച്ചേരുന്ന പതിനായിരക്കണക്കായ തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നാമകരണദിനമായ 23ന് 50000 തീര്‍ഥാടകരെങ്കിലും ആശ്രമ ദേവാലയത്തില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. അന്നത്തെ ദിവസം മുഴുവന്‍ പ്രാര്‍ഥനാ സാന്ദ്രമാക്കാനുള്ള ക്രമീകരണങ്ങള്‍ ആശ്രമാധികൃതര്‍ ഒരുക്കിക്കഴിഞ്ഞു.

രാവിലെ അതിരമ്പുഴ, കൈപ്പുഴ, കുടമാളൂര്‍ ഫൊറോനാകളിലെ വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് കാല്‍നടയായി ആശ്രമദേവാലയത്തിലേക്ക് തീര്‍ഥയാത്ര നടത്തും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന നാമകരണ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഒപ്പം ആ ചടങ്ങുകള്‍ക്കൊപ്പം പ്രാര്‍ഥനാ ശുശ്രൂഷയും നടക്കും. 4.30ന് കൃതജ്ഞതാ ബലിയര്‍പ്പണം. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം. നാടിനെ വിശുദ്ധീകരിച്ചുകൊണ്ടു നടക്കുന്ന നഗരപ്രദക്ഷിണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പതിനായിരങ്ങള്‍ പങ്കെടുക്കും.

ആശ്രമദേവാലയവും പരിസരവും നഗരപ്രദക്ഷിണ വീഥികളും കമനീയമായി അലങ്കരിച്ചു കഴിഞ്ഞു. തങ്ങളുടെ നാടിന്റെ ദിവ്യതേജസായ ചാവറയച്ചന്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതിന്റെ ആഹ്ളാദത്തിലാണു നാട്ടുകാര്‍. കമാനങ്ങളുയര്‍ത്തിയും വിശുദ്ധന്റെ ചിത്രം ആ ലേഖനം ചെയ്ത ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചു. വൈദ്യുത ദീപാലങ്കാരങ്ങള്‍ നടത്തിയും നാട്ടുകാര്‍ ഈ പുണ്യമുഹൂര്‍ത്തം ആഘോഷമാക്കുകയാണ്.

മാന്നാനത്ത് എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്ക് ആ പുണ്യജീവിതത്തെ അടുത്തറിയാനും പ്രാര്‍ഥനാപൂര്‍വം ധ്യാനിക്കുന്നതിനുമുള്ള ഒട്ടേറെ അവസരങ്ങളാണുള്ളത്. ആശ്രമ ദേവാലയത്തില്‍ വിശുദ്ധന്റെ കബറിടം വണങ്ങുന്ന തീര്‍ഥാടകര്‍ക്ക് തൊട്ടടുത്ത് ആശ്രമത്തില്‍ ചാവറയച്ചന്‍ താമസിച്ചിരുന്ന മുറിയും അദ്ദേഹം ഉപയോഗിച്ചിരുന്നതും പൂജ്യമായി സൂക്ഷിച്ചിരിക്കുന്നതുമായ വസ്തുക്കളും കാണാം.

തൊട്ടടുത്തായിതന്നെ ചാവറയച്ചന്‍ സ്ഥാപിച്ച സംസ്കൃത സ്കൂളുണ്ട്. അതിനുള്ളിലാണ് ചാവറയച്ചന്‍ തടികൊണ്ടു നിര്‍മിച്ചു സ്ഥാപിച്ച പ്രസ് സൂക്ഷിക്കുന്നത്. ഇതിനടുത്തായി തന്നെയുള്ള ചാവറ മ്യൂസിയത്തില്‍ ചാവറയച്ചനുമായി ബന്ധപ്പെട്ട വസ്തുക്കള്‍, അല്‍ഫോന്‍സാമ്മ സ്വന്തം കൈപ്പടയിലെഴുതിയ കത്ത്, ചാവറയച്ചന്റെ മാധ്യസ്ഥ്യത്താല്‍ അനേകര്‍ക്ക് ചെറുതും വലുതുമായ രോഗശാന്തികളും ഉദ്ദിഷ്ട കാര്യസാധ്യവും ലഭിച്ചതിന്റെ സാക്ഷ്യങ്ങളുമെല്ലാം കാണാം.

ആത്മീയതയുടെ ഉത്തുംഗശൃംഗമാണിന്ന് മാന്നാനം കുന്ന്. ചാവറയച്ചന്‍ വാരിവിതറിയ സ്വര്‍ഗീയ സൌരഭ്യം ഇവിടെ ആവോളം നുകരാം. ഈ സ്വര്‍ഗീയാനുഭവത്തിനായാണ് ഇവിടേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നത്.

അവിഭക്ത പുത്തന്‍പള്ളി ഇടവകയില്‍ പുണ്യസ്മൃതി

കൊച്ചി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയും വര്‍ഷങ്ങളോളം പുണ്യജീവിതം നയിച്ച അവിഭക്ത പുത്തന്‍പള്ളി ഇടവകയില്‍ ഈ വിശുദ്ധാത്മാക്കളുടെ ഓര്‍മ വിവിധ പരിപാടികളോടെ കൊണ്ടാടും. പുത്തന്‍പള്ളി ഇടവകയും അതില്‍നിന്നു വിവിധ കാലങ്ങളില്‍ പിരിഞ്ഞുപോയ ഒന്‍പത് ഇടവകകളും കൂനമ്മാവ് ആശ്രമവും മഠവും ഒന്നുചേര്‍ന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പുണ്യസ്മൃതി സംഘടിപ്പിക്കുന്നത്.

ചാവറയച്ചന്‍ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവര്‍ഷവും (1864-1871) എവുപ്രാസ്യമ്മ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ ഒമ്പതുവര്‍ഷവും ചെലവഴിച്ചതു പുത്തന്‍പള്ളി ഇടവകയുടെ ഭാഗമായിരുന്ന കൂനമ്മാവിലാണ്. പുത്തന്‍പള്ളി സെമിനാരി 1866 മുതല്‍ 1932 വരെ ഇവിടെ പ്രവര്‍ത്തിച്ചു. സെമിനാരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണു ചാവറയച്ചനെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ.ബര്‍ണഡീന്‍ ബെച്ചിനെല്ലി കൂനമ്മാവ് ആശ്രമത്തിലേക്കു നിയോഗിച്ചത്. ധന്യരായ ഫാ. ഔറേലിയന്‍, ഫാ. സക്കറിയാസ് എന്നീ സ്പാനിഷ് കര്‍മലീത്ത മിഷനറിമാര്‍ പരിശീലകരായി ദീര്‍ഘനാള്‍ പുത്തന്‍പള്ളി സെമിനാരിയിലുണ്ടായിരുന്നു. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ദൈവദാസന്‍ മാര്‍ മാത്യു മാക്കീലും ഇവിടെ പഠിച്ച് ഇവിടെവച്ചുതന്നെ വൈദികപട്ടം സ്വീകരിച്ചവരാണ്. ഹോളി ഫാമിലി സന്യാസിനി സഭാ സഹസ്ഥാപകന്‍ ദൈവദാസന്‍ ഫാ. ജോസഫ് വിതയത്തിലും ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടും ഇവിടെയുണ്ടായിരുന്നു.

പുത്തന്‍പള്ളി ഇടവകയിലെ പുണ്യസ്മൃതിയുടെ ഭാഗമായി വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെയും സംഭാവനകളെപ്പറ്റിയുള്ള സെമിനാര്‍ ഡിസംബര്‍ 14നു 2.30ന് സംഘടിപ്പിക്കും. ഡിസംബര്‍ 21നു രാവിലെ 9.30 മുതല്‍ 12.15 വരെ യുവജനസംഗമം നടക്കും. 2015 ജനുവരി നാലിനു വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നിരവധി മെത്രാന്‍മാരും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.



വാങ്ങാനാളില്ലാതെ തിരിച്ചെത്തിയ പള്ളിമണി അള്‍ത്താരയ്ക്കു മുന്നില്‍ തിരുശേഷിപ്പായി

പ്രത്യേക ലേഖകന്‍

കുന്നംകുളം: എവുപ്രാസ്യമ്മ വിശുദ്ധ പദിവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ചിറളയം പ്രദേശത്തെ ജനങ്ങളുടെ മനസില്‍ നിലയ്ക്കാത്ത പള്ളിമണിനാദം മുഴങ്ങുകയാണ്. എവുപ്രാസ്യമ്മ ദിവംഗതയായ നിമിഷം ചിറളയത്തുകാരെ അറിയിച്ച അതേ മണിനാദം.

പണ്ട് ഉപേക്ഷിച്ച പള്ളിമണിയെ ചിറളയത്തുകാര്‍ ഇക്കഴിഞ്ഞ ദിവസം അള്‍ത്താരയിലേക്കുയര്‍ത്തിയതിനു പിന്നിലൊരു ചരിത്രമുണ്ട്. പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായെന്ന ബൈബിള്‍ വചനത്തെ അനുസ്മരിപ്പിക്കുന്ന ചരിത്രം.

ചരിത്രമുഹൂര്‍ത്തത്തെ മണിമുഴക്കി വിളംബരം ചെയ്ത ആ പഴയ മണി നീക്കം ചെയ്തു വില്‍ക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍, ദൈവനിശ്ചയംകൊണ്ടാകാം ആരുമതു വാങ്ങിയില്ല. എടുക്കാച്ചരക്കായ പള്ളിമണി പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്ന മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പള്ളിയില്‍ പെയിന്റിംഗ് പണിക്കിടെ ശ്രദ്ധിക്കപ്പെട്ട പഴയ പള്ളിമണി തങ്ങളുടെ മ്യൂസിയത്തിലേക്കു വിട്ടുതരണമെന്ന ആവശ്യവുമായി ഒല്ലൂരിലെ എവുപ്രാസ്യമ്മ തീര്‍ഥകേന്ദ്രത്തിലെ സിസ്റര്‍മാര്‍ സമീപിച്ചു. അപ്പോഴാണ് ആ പള്ളിമണിയുടെ പ്രാധാന്യത്തെക്കുറിച്ചു ചിറളയത്തുകാര്‍ മനസിലാക്കിയത്. പള്ളിമണി തുടച്ചുവൃത്തിയാക്കി സെന്റ് സെബാസ്റ്യന്‍സ് പള്ളിയുടെ അള്‍ത്താരയ്ക്കുമുന്നില്‍ പ്രത്യേകം അലങ്കരിച്ചു പ്രദര്‍ശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

പള്ളിയോടനുബന്ധിച്ച് 1926 മുതല്‍ സിഎംസി സന്യാസസഭയുടെ കന്യാസ്ത്രീമഠമുണ്ട്. അവിടെ മഠം സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത് എവുപ്രാസ്യമ്മയായിരുന്നു. ഏതാനും ദിവസം എവുപ്രാസ്യമ്മ ഇവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. എവുപ്രാസ്യമ്മയുടെ സഹപ്രവര്‍ത്തകരായ സിസ്റര്‍മാരാണ് ഇവിടെ താമസിച്ചിരുന്നത്.

1952 ഓഗസ്റ് 29നു രാത്രി 8.40ന് എവുപ്രാസ്യമ്മ ദൈവസമക്ഷത്തേക്കു വിളിക്കപ്പെട്ടപ്പോള്‍ ചിറളയം പള്ളിയിലെ പള്ളിമണി താനേ മുഴങ്ങി. രാത്രി അസമയത്തു പള്ളിമണി മുഴങ്ങിയതിനെക്കുറിച്ച് അന്നുതന്നെ എല്ലാവരും സംശയം ഉന്നയിച്ചെങ്കിലും ആര്‍ക്കും കാര്യമെന്തെന്നു മനസിലായിരുന്നില്ല. ഫോണ്‍ സൌകര്യം തീരെ ഇല്ലാത്ത അക്കാലത്തു ഗതാഗത സൌകര്യവും വളരെ പരിമിതമായിരുന്നു. പിറ്റേന്നു പുലര്‍ച്ചെ ഒല്ലൂരില്‍നിന്ന് എത്തിയ ദൂതര്‍ എവുപ്രാസ്യമ്മയുടെ മരണവിവരം അറിയിച്ചപ്പോഴാണു മരണസമയത്തു പള്ളിമണി മുഴങ്ങിയ വിവരം സിസ്റര്‍മാര്‍ ഓര്‍ക്കുന്നത്.


നാല്പതുവര്‍ഷം മുമ്പ് പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ പള്ളിമണി നീക്കം ചെയ്തു കുറേക്കൂടി ശബ്ദഗാംഭീര്യമുള്ള വലിയ പള്ളിമണി സ്ഥാപിച്ചു. പഴയ മണി പള്ളിമുറിയില്‍ സൂക്ഷിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പള്ളിമണി തൃശൂരിലെ പ്രമുഖ ഓട്ടുരുപ്പടി വ്യാപാര സ്ഥാപനത്തില്‍ വില്‍ക്കാന്‍ കൊണ്ടുവന്നെങ്കിലും അവരതു വാങ്ങിയില്ല. വേറെ രണ്ടു സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും അവരും വാങ്ങാന്‍ തയാറായില്ല. ഒടുവില്‍ മുടക്കാച്ചരക്കായല്ലോയെന്നു കരുതി പള്ളിയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്ന മണി പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്ന മുറിയിലേക്കു മാറ്റി.

ഇക്കഴിഞ്ഞ ദിവസങ്ങളിലായി പെയിന്റിംഗ് പണികള്‍ നടക്കുന്നതിനിടെയാണു മണി വീണ്ടും ഇടവകക്കാരുടെ ശ്രദ്ധയില്‍പെട്ടതെന്നു ട്രസ്റി പി.ആര്‍. സജി പറഞ്ഞു. പള്ളിമണിയില്‍ 1943 മാര്‍ച്ച് ഒമ്പത് എന്നു കൊത്തിവച്ചിട്ടുണ്ട്. പള്ളിമണി സ്ഥാപിച്ച കാലത്തെയാകാം അതു സൂചിപ്പിക്കുന്നത്. അങ്ങനെയിരിക്കെയാണു പള്ളിമണി തേടി ഒല്ലൂരില്‍നിന്ന് അന്വേഷണങ്ങളെത്തിയത്.

എവുപ്രാസ്യമ്മയുടെ വിയോഗവേള അദ്ഭുതകരമായി വിളംബരം ചെയ്ത പള്ളിമണി പള്ളിയുടെ അള്‍ത്താരയ്ക്കു മുന്നില്‍തന്നെ തിരുശേഷിപ്പുപോലെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്.

ഫാ. ഈപ്പന്‍ അയലൂപ്പറമ്പിലും സഫലമായ പുണ്യദൌത്യവും

ഫാ. ജോബ് വള്ളിപ്പാലം സിഎംഐ

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ നാമകരണ നടപടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന നിരവധി പേരുടെ അധ്വാനം ഫലപ്രാപ്തിയിലെത്തുക കൂടിയാണു ചെയ്യുന്നത്. ചാവറയച്ചന്റെ നാമകരണവുമായി ബന്ധപ്പെട്ട് ആദ്യം രൂപവത്കരിക്കപ്പെട്ട രണ്ടു കോടതികളിലൊന്നിന്റെ ന്യായാധിപനായിരുന്ന, പരേതനായ റവ.ഡോ. എ.സി. ഈപ്പന്‍ അയലൂപ്പറമ്പില്‍ അവരിലൊരാളാണ്.

ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജ് അധ്യാപകനായും ആത്മീയാചാര്യനായും ഫാ. ഈപ്പന്‍ അയലൂപ്പറമ്പില്‍ ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചിരുന്നു. സമാദരണീയനായിരുന്ന ഫാ. ഈപ്പന്‍ അധ്യാപനത്തില്‍നിന്നു വിരമിച്ചശേഷവും അവിടെത്തന്നെ താമസിക്കണമെന്നായിരുന്നു അന്നത്തെ ചങ്ങനാശേരി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു കാവുകാട്ടിന്റെയും രൂപതാധികാരികളുടെയും ആഗ്രഹം. വിശുദ്ധിയിലും വിജ്ഞാനത്തിലും ഒരുപോലെ ശോഭിച്ചിരുന്ന അദ്ദേഹത്തിന്റെ ധര്‍മനിഷ്ഠയും കര്‍ത്തവ്യബോധവും ഏവര്‍ക്കും മാതൃകയായിരുന്നു. അതുകൊണ്ടുതന്നെയാണു വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമകരണ നടപടികള്‍ ആരംഭിച്ചപ്പോള്‍ മാര്‍ മാത്യു കാവുകാട്ട് ഫാ. ഈപ്പനെ ഒരു കോടതിയുടെ ന്യായാധിപനായി നിയമിച്ചത്.

ചാവറയച്ചന്‍ മരിച്ച് 87 വര്‍ഷം കഴിഞ്ഞശേഷമാണു നാമകരണ നടപടികള്‍ ആരംഭിച്ചത്. അതുകൊണ്ട് ആദ്യമായി ചെയ്തത് ഒരു ചരിത്രാന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുന്നു. 1958 ജനുവരി മൂന്നിനായിരുന്നു ഇത്. മോണ്‍. കുര്യന്‍ വഞ്ചിപ്പുരയ്ക്കല്‍, ഫാ. ആന്റണി കായിത്തറ, ഫാ. ആന്‍സലം പെരുമാലില്‍ സിഎംഐ എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. പഠനത്തിനും പരിശോധനയ്ക്കുമായി 210 ചരിത്രരേഖകള്‍ ഇവര്‍ കണ്െടടുത്തു. രേഖകള്‍ ലഭിച്ചതോടുകൂടി മാര്‍ മാത്യു കാവുകാട്ട് 1962 ഓഗസ്റ് 15ന് രണ്ടു രൂപതാ കോടതികള്‍ക്ക് ഒരുമിച്ചു രൂപംനല്‍കി. ആദ്യത്തെ കോടതിയുടെ ചുമതല ചരിത്രരേഖകള്‍ പഠിക്കുകയും കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുകയും ചെയ്യുക എന്നതായിരുന്നു. രണ്ടാമത്തെ കോടതിയായിരുന്നു ഫാ. ഈപ്പന്റെ സേവനരംഗം. ദൈവദാസന്റെ ജീവിതം, സുകൃതങ്ങള്‍, പ്രശസ്തി, മാധ്യസ്ഥ്യംവഴി നടന്ന രോഗശാന്തികള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനുള്ളതായിരുന്നു ഈ കോടതി. ഫാ. റോമിയോ തോമസ് സിഎംഐ, ഫാ. നിക്ളാവോസ് പെരുമാലി സിഎംഐ എന്നിവരും ഫാ. ഈപ്പനോടൊപ്പം ഈ കോടതിയില്‍ ന്യായാധിപന്മാരായിരുന്നു. ഫാ. പൌളിനോസ് ജീരകത്തില്‍ (പില്‍ക്കാലത്തു ജഗദല്‍പൂര്‍ രൂപതയുടെ ബിഷപ്), ഫാ. ജോസഫ് മടുക്കക്കുഴി, ഫാ. മാത്യൂസ് മുണ്ടാടന്‍ സിഎംഐ, ഫാ.മാത്യു ഞള്ളത്തുവയലില്‍ (നോട്ടറി) എന്നിവരായിരുന്നു കോടതിയിലെ മറ്റംഗങ്ങള്‍.

ചാവറയച്ചന്‍ വീരോചിതമായ വിശുദ്ധ ജീവിതം നയിച്ചിരുന്നെന്നു തെളിയിക്കാന്‍ നിരവധി പേരെ വിസ്തരിക്കുകയുണ്ടായി. ഒരു ഡസനോളം രോഗശാന്തികളെക്കുറിച്ചു പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. രോഗശാന്തി സംബന്ധിച്ചുള്ള തെളിവെടുപ്പില്‍ കോടതിയെ സഹായിക്കാന്‍ നിയുക്തനായിരുന്നത് ഡോ.കെ.ടി. കുര്യന്‍ മാപ്പിളശേരിയായിരുന്നു. ഇതുസംബന്ധിച്ച് ഇതര ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അറുപതില്‍പ്പരം പേരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവദാസന്റെ നാമകരണ നടപടികളുടെ ന്യായാധിപസ്ഥാനം വഹിക്കാന്‍ അത്യധ്വാനം ആവശ്യമായിരുന്നു. തന്നെ ഏല്പിച്ച ദൌത്യം പൂര്‍ത്തിയാക്കാന്‍ ഫാ. ഈപ്പന്‍ ഏഴു വര്‍ഷത്തിലധികം അധ്വാനിച്ചു. 1871 ജനുവരി മൂന്നിനാണു വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ മരിച്ചത്. നൂറുവര്‍ഷം പിന്നിട്ടുകഴിഞ്ഞിരുന്നെങ്കിലും ചാവറയച്ചന്റെ വ്യക്തിത്വവും സിദ്ധിയും ശരിക്കും മനസിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ചാവറയച്ചന്‍ കേരളസഭയ്ക്കു നല്‍കിയ നേതൃത്വം, ഇടവകകളിലൂടെ സഭയില്‍ സാധിച്ച നവീകരണം, അദ്ദേഹത്തിന്റ മുദ്രാലയ- വിദ്യാലയ പ്രേഷിതത്വ സംരംഭങ്ങള്‍ എല്ലാം ഫാ. ഈപ്പനെ സ്വാധീനിച്ചിരുന്നു.

1969ല്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി. 1976 സെപ്റ്റംബര്‍ 19നു മാന്നാനം ആശ്രമദേവാലയത്തില്‍ സമാപനസമ്മേളനം നടന്നു. ഔദ്യോഗികാധ്യക്ഷനായിരുന്ന മാര്‍ ആന്റണി പടിയറയോടൊപ്പം നാമകരണ കോടതിയുടെ ഇതര ഭാരവാഹികളും ചേര്‍ന്നു സമൂഹബലിയര്‍പ്പിച്ചു. തുടര്‍ന്നു മാര്‍ പടിയറ രേഖകളെല്ലാം സശ്രദ്ധം പരിശോധിച്ചു തുല്യം ചാര്‍ത്തി. അതിനുശേഷം കോടതിയംഗങ്ങളും വിശ്വാസസംരക്ഷകരും ഒപ്പുവച്ചു.

ഏറ്റെടുത്ത ദൌത്യം ഭംഗിയായി നിറവേറ്റാനായതിന്റെ ആഹ്ളാദത്തില്‍ ഫാ. ജയിംസ് മഠത്തിക്കണ്ടം

രാജു കുടിലില്‍

ഏറ്റുമാനൂര്‍: തന്നെ ഏല്‍പ്പിച്ച ദൌത്യം ദൈവാനുഗ്രഹത്താല്‍ ഭംഗിയായി നിറവേറ്റാനായതിന്റെ ആഹ്ളാദത്തിലാണ് ഫാ. ജയിംസ് മഠത്തിക്കണ്ടം സിഎംഐ. 10 വര്‍ഷം മുമ്പാണ് അദ്ദേഹം വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റുലേറ്ററായി നിയമിതനാകുന്നത്.

സഭാധികാരികള്‍ ഏല്‍പ്പിച്ച ദൌത്യം സവിനയം ഏറ്റെടുത്ത അദ്ദേഹത്തിന്റെ മാന്നാനത്തെ ജീവിതം താപസതുല്യമായിരുന്നു. വാക്കിലും പ്രവൃത്തിയിലും എളിമയോടെ അദ്ദേഹം മാന്നാനംകുന്നില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സന്നിധിയിലേക്കെത്തിച്ചേര്‍ന്നവര്‍ക്കുവേണ്ടി ശുശ്രൂഷചെയ്തു. രാവിലെ ആശ്രമദേവാലയത്തിലെത്തിയാല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെ തീര്‍ഥാടകരോടൊപ്പം അവരുടെ പ്രാര്‍ഥനാനിയോഗങ്ങള്‍ ചോദിച്ചറിഞ്ഞും അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചും വാക്കുകളില്‍ ആശ്വാസംനിറച്ച് അവരെ യാത്രയാക്കിയിരുന്നു.

വൈകുന്നേരം ആശ്രമത്തിലെത്തി സഹവൈദികരോടൊപ്പമുള്ള പ്രാര്‍ഥനയും അത്താഴവും കഴിഞ്ഞാല്‍ ദേവാലയത്തിലെത്തി ചാവറ പിതാവിന്റെ കബറിടത്തിങ്കല്‍ മുട്ടുകുത്തിയും കബറിടത്തിന് മുട്ടിന്മേല്‍ വലംവച്ചും തീഷ്ണമായ പ്രാര്‍ഥന. അന്നേദിവസം കബറിടത്തിങ്കലെത്തി പ്രാര്‍ഥിച്ചവരെയും തന്നോടു പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടവരെയുമെല്ലാം ചാവറ പിതാവിന്റെ സ്വര്‍ഗീയ മാധ്യസ്ഥത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള ആ പ്രാര്‍ഥന അര്‍ധരാത്രിയോളം നീണ്ടിരുന്നു.

കബറിടത്തിങ്കല്‍ പ്രാര്‍ഥനയ്ക്കായി ഒരിക്കല്‍ എത്തിയ ഒരു വീട്ടമ്മയോട് എന്താണ് പ്രാര്‍ഥനാനിയോഗമെന്ന് അദ്ദേഹം ചോദിക്കുന്നു. മകളുടെ കണ്ണിന്റെ രോഗത്തിന് ശസ്ത്രക്രിയയില്ലാതെ മാര്‍ഗമില്ലെന്നും ചാവറയച്ചന്റെ മാധ്യസ്ഥം പ്രാര്‍ഥിക്കാന്‍ വന്നതാണെന്നും വീട്ടമ്മയുടെ മറുപടി. അവസാനനാളുകളില്‍ ചാവറയച്ചനും കാഴ്ചക്കുറവ് അനുഭവിച്ചിരുന്നെന്നും മകളുടെ കണ്ണിന്റെ രോഗം ചാവറയച്ചനു സമര്‍പ്പിച്ചു പ്രാര്‍ഥിച്ചാല്‍ ഉറപ്പായും രോഗശാന്തി ലഭിക്കുമെന്നാശ്വസിപ്പിച്ച് സന്ദര്‍ശക ഡയറിയില്‍ പ്രാര്‍ഥനാ നിയോഗം എഴുതിച്ചശേഷം അച്ചന്‍ വീട്ടമ്മയെ പറഞ്ഞയച്ചു.

പിന്നീട് മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ചാവറയച്ചന്റെ കബറിടത്തിങ്കല്‍ എത്തി ഇവര്‍ വീണ്ടും പ്രാര്‍ഥിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. പതിവുപോലെ ദേവാലയത്തിലെത്തിയ തീര്‍ഥാടകരെ ശ്രദ്ധിച്ച അച്ചന്‍ കബറിടത്തിങ്കല്‍ ഫോട്ടോവച്ചു പ്രാര്‍ഥിക്കുന്ന ഒരു വീട്ടമ്മയെ കണ്ടു. ഇവരോട് വിവരങ്ങള്‍ തിരക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ചനോടു മകള്‍ക്കുവേണ്ടി പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടതും അച്ചന്‍ ചാവറയച്ചന്റെ നൊവേന നല്‍കി പറഞ്ഞയച്ചതും ഓര്‍മിപ്പിച്ച ആ വീട്ടമ്മ, തന്റെ മകളുടെ കണ്ണിലെ രോഗം ചാവറയച്ചന്‍ നീക്കിയതായി പറഞ്ഞു. ഒപ്പം മകള്‍ രോഗാവസ്ഥയിലും സൌഖ്യമായതിനുശേഷവുമുള്ള ഫോട്ടോയും കാണിച്ചു.

ചാവറയച്ചന്റെ വിശുദ്ധപദ നാമകരണത്തിനാധാരമായ അദ്ഭുതമായിരുന്നു ഇത്. പാലാ കൊട്ടാരത്തില്‍ മരിയാമോളുടെ രോഗസൌഖ്യം കൃത്യമായി ജയിംസച്ചനു മനസിലാക്കാനായത് അദ്ദേഹം കബറിടത്തിങ്കല്‍ എത്തുന്ന തീര്‍ഥാടകരെ നിരന്തരമായി നിരീക്ഷിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്തതുകൊണ്ടാണ്.

23ന് വത്തിക്കാനില്‍ നാമകരണ ചടങ്ങുകള്‍ നടക്കുമ്പോള്‍ ചാവറയച്ചന്റെ തിരുശേഷിപ്പ് സംവഹിക്കുന്നത് ജയിംസ് മഠത്തിക്കണ്ടം അച്ചനാണ്. തന്നെ ഭരമേല്‍പ്പിച്ച ഉത്തരവാദിത്വം ദൈവനിയോഗംപോലെ ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് അഭിമാനത്തോടെ അടുത്ത സേവനമേഖലയിലേക്കു കടക്കാം. മനസുനിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും തന്നെ.

ചാവറയച്ചന്റെ സന്നിധിയില്‍ കീര്‍ത്തനമാലപിച്ച് മാതംഗി സത്യമൂര്‍ത്തി

മാന്നാനം: ചാവറയച്ചന്‍ എഴുതിയ 'ആത്മാനുതാപം', 'അനസ്താസ്യയുടെ രക്തസാക്ഷിത്വം' തുടങ്ങിയ കൃതികളും ചാവറയച്ചനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കീര്‍ത്തനവും ചാവറയച്ചന്റെ കബറിടത്തിങ്കല്‍ ശ്രീമതി മാതംഗി സത്യമൂര്‍ത്തി ആലപിച്ചു. തന്റെ ജീവിതത്തിലെ ഒരു ധന്യനിമിഷമാണ് ചാവറ സന്നിധിയില്‍ ആലപിക്കാന്‍ സാധിച്ചതെന്ന ശ്രീമതി മാതംഗി സത്യമൂര്‍ത്തി പറഞ്ഞു.

ഇവിടെ സംഗീതം ആലപിക്കുമ്പോള്‍ കലയുടെയും സംഗീതത്തിന്റെയും എഴുത്തിന്റെയും പിതാവായ ചാവറയച്ചന്റെ പ്രത്യേക ഒരു അനുഭൂതി ഉണ്ടായതായും അവര്‍ പറഞ്ഞു.




ചാവറയച്ചനെക്കുറിച്ചു ഡോക്യുമെന്ററി കേരള വിഷനില്‍

കൊച്ചി: വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ കുറിച്ചുള്ള ഡോക്യുമെന്ററി 23നു രാവിലെ 7.30നും രാത്രി 8.30നും കേരള വിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്യും. നയന്‍ സ്ക്രീനിന്റെ ബാനറില്‍ ശശി കളമശേരിയാണു നിര്‍മാണം. രചനയും സംവിധാനവും എം.വി. ബാബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.