സൂരജിനെ ചോദ്യംചെയ്യും
സൂരജിനെ ചോദ്യംചെയ്യും
Friday, November 21, 2014 11:50 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോടികളുടെ അനധികൃത സമ്പത്തുണ്െടന്നു വിജിലന്‍സ് പരിശോധനയില്‍ കണ്െടത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ വിജിലന്‍സ് ചോദ്യംചെയ്യും. അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട വിശദീകരണം തേടുന്നതിനൊപ്പം പൊതുമരാമത്തു കരാറുകളുമായി ബന്ധപ്പെട്ട രേഖകള്‍ സംബന്ധിച്ച തെളിവെടുപ്പു നടത്തുന്നതിന്റെ ഭാഗമായിട്ടുകൂടിയാണു ചോദ്യംചെയ്യല്‍.

അതേസമയം, കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സലിംരാജുമായുള്ള സൂരജിന്റെ ബന്ധം അന്വേഷിക്കാനും വിജിലന്‍സ് തീരുമാനിച്ചു. ഭൂമി തട്ടിപ്പില്‍ മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണറായിരുന്ന ടി.ഒ. സൂരജിന്റെ പങ്കു സംബന്ധിച്ചു സലിംരാജ് നേരത്തേ അന്വേഷണസംഘത്തിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാനായിരുന്നു സലിംരാജ്. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടു സൂരജിനെതിരേ മറ്റു ചിലരും പരാതി നല്‍കിയിരുന്നു.

കോടികളുടെ അനധികൃത സമ്പത്തുണ്െടന്നു കണ്െടത്തിയതിനെ ത്തുടര്‍ന്നു ടി.ഒ. സൂരജിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കി. വിജിലന്‍സ് ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി ഇന്നുണ്ടായേക്കും. ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യേണ്ടത്. സൂരജിനെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നു പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.


അതിനിടെ, സൂരജിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് അപേക്ഷ നല്‍കി. സൂരജിന്റെ ബാങ്ക് ലോക്കറുകള്‍ അടക്കമുള്ളവ പരിശോധിച്ചുവരുകയാണ്. സൂരജിന്റെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വീടുകളിലെ പരിശോധന ഇന്നലെ പുലര്‍ച്ചെയോടെയാണു പൂര്‍ത്തിയാക്കിയത്.

റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടര്‍ന്നുവരികയാണ്. അഞ്ചു കോടി രൂപയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്െടന്നു റെയ്ഡില്‍ കണ്െടത്തിയിരുന്നു. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ അനധികൃത സമ്പാദ്യം ഇപ്പോള്‍ കണ്െടത്തിയതിന്റെ ഇരട്ടിയോളമാകുമെന്നാണു വിജിലന്‍സ് ഉന്നതര്‍ നല്‍കുന്ന സൂചന.

സൂരജിനു തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍, കൊച്ചിയില്‍ ഗോഡൌണ്‍, കോയമ്പത്തൂരില്‍ ഫ്ളാറ്റുകള്‍ എന്നിവയുണ്െടന്നു കണ്െടത്തിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെക്കൊണ്ടു കരാര്‍ എടുപ്പിച്ചും അതു മറിച്ചുനല്‍കിയും കോടികളുടെ ക്രമക്കേട് നടത്തിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.