സി.പി. ജോണിനെതിരേ എം.വി.ആറിന്റെ കുടുംബം രംഗത്ത്
സി.പി. ജോണിനെതിരേ എം.വി.ആറിന്റെ കുടുംബം രംഗത്ത്
Friday, November 21, 2014 12:02 AM IST
കണ്ണൂര്‍: സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണിനെതിരേ പ്രസ്താവനയുമായി എം.വി. രാഘവന്റെ കുടുംബം രംഗത്ത്. രാഘവനെ ക്രൂരമായി വേട്ടയാടിയ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന എം.വി.ആറിന്റെ കുടുംബാംഗങ്ങള്‍ക്കു ബുദ്ധിഭ്രമം പിടിപെട്ടുവെന്ന രീതിയിലുള്ള സി.പി. ജോണിന്റെ പരാമര്‍ശമാണു കുടുംബത്തെ പ്രകോപിപ്പിച്ചത്. സി.പി. ജോണ്‍ പരാമര്‍ശം പിന്‍വലിച്ചു പൊതുജനമധ്യത്തില്‍ മാപ്പു പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും എം.വി. ആറിന്റെ ഭാര്യ സി.വി. ജാനകി, മക്കളായ ഗിരിജ, ഗിരീഷ്കുമാര്‍, രാജേഷ്, നികേഷ് കുമാര്‍, ഗിരിജയുടെ ഭര്‍ത്താവ് പ്രഫ.ഇ. കുഞ്ഞിരാമന്‍ എന്നിവര്‍ സംയുക്തമായിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അച്ഛന്റെ കൊലയാളികള്‍ക്കു വേണ്ടി കൂറുമാറുന്നവരായി എം.വി.ആറിന്റെ മക്കള്‍ മാറരുതെന്നും ബന്ദികള്‍ക്ക് ഒരു ഘട്ടത്തില്‍ ബന്ദികളാക്കിയവരോടു പ്രണയം തോന്നുന്ന സ്റോക്ക്ഹോം സിന്‍ഡ്രോം ആണു രാഘവന്റെ കുടുംബാംഗങ്ങളെ ബാധിച്ചിരിക്കുന്നതെന്നുമായിരുന്നു ജോണിന്റെ പരാമര്‍ശം. ജീവിതകാലം മുഴുവന്‍ സമൂഹപുരോഗതിക്കുവേണ്ടി യത്നിച്ചു ജീവത്യാഗം ചെയ്ത എം.വി.ആറിന്റെ കുടുംബത്തെ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കാനുള്ള ശ്രമമാണിതെന്നും പരാമര്‍ശം വേദനാജനകമാണെന്നും കുടുംബാംഗങ്ങള്‍ പ്രസ്താവനയില്‍ പറയുന്നു.

രോഗബാധിതനായി ചികിത്സയിലിരിക്കുന്ന ഘട്ടത്തിലും മരണശേഷവും ബര്‍ണശേരിയിലുള്ള വീട്ടില്‍ പോലും വരാതെ മാറിനിന്ന സി.പി. ജോണ്‍ ഇപ്പോള്‍ കാണിക്കുന്ന വികാരപ്രകടനങ്ങളുടെ അനൌചിത്വം ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. എം.വി.ആറിന്റെ നഷ്ടം ഞങ്ങള്‍ക്കൊരിക്കലും നികത്താന്‍ കഴിയാത്തതാണ്. ഇത്തരത്തിലുള്ള പരാമര്‍ശം ആരും നടത്താന്‍ പാടില്ലാത്തതായിരുന്നു. എംവിആറിനെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ആളുകളെയും ഇതു വേദനിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.


സിഎംപിയുടെ രണ്ടുവിഭാഗങ്ങളില്‍ സി.പി. ജോണ്‍ പക്ഷത്താണു മക്കളില്‍ ഗിരീഷ്കുമാര്‍ നിലകൊണ്ടിരുന്നത്. ജോണിനെതിരേയുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ രാഷട്രീയം കാണേണ്ടതില്ലെന്നായിരുന്നു ഗിരീഷിന്റെ മറുപടി. ജോണിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. ഞാന്‍ സിഎംപിയില്‍ മെമ്പറല്ല. അതുകൊണ്ടുതന്നെ ഒരുപക്ഷത്തും എന്നെ കൂട്ടേണ്ടതുമില്ല. രാജ്യത്തു നിലവില്‍ കോണ്‍ഗ്രസും ബിജെപിയുമായി രണ്ടു കക്ഷികള്‍ മാത്രമാണുള്ളത്. ഇതിലേതു പക്ഷത്താണെന്നു ചോദിച്ചാല്‍ എന്റെ അനുഭാവം കോണ്‍ഗ്രസിനോടാണെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

പറശിനിക്കടവ് ആയുര്‍വേ മെഡിക്കല്‍ കോളജിന്റെ ഭരണം സംബന്ധിച്ച എന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. അച്ഛനില്ലാത്ത സാഹചര്യത്തില്‍ അച്ഛന്റെ ചുമതല നിര്‍വഹിക്കേണ്ടതു മൂത്ത മകനെന്ന നിലയില്‍ എന്റെ കടമയാണ്. അത് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ സി.പി. ജോണ്‍ വിഭാഗം ഒരുപക്ഷത്തും മറ്റു മക്കളുടെയും മരുമകന്റെയും നേതൃത്വത്തില്‍ അരവിന്ദാക്ഷന്‍ വിഭാഗം മറുപക്ഷത്തുമായി രണ്ടു ഭരണസമിതിയാണു ആയുര്‍വേ മെഡിക്കല്‍ കോളജില്‍ നിലവിലുള്ളത്. സി.പി. ജോണിനെതിരേ എം.വി.ആറിന്റെ കുടുംബം ഒറ്റക്കെട്ടായി തിരിഞ്ഞതു സി.പി. ജോണ്‍ പക്ഷത്തിനു തിരിച്ചടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.