മുഖപ്രസംഗം: പാഠം പഠിക്കാതെ പടക്കശാലകള്‍
Friday, November 21, 2014 11:17 PM IST
പടക്കനിര്‍മാണശാലകളിലും പടക്കം സൂക്ഷിക്കുന്ന ഇടങ്ങളിലും അപകടമുണ്ടാകുന്നതു കേരളത്തില്‍ അപൂര്‍വമല്ല. ഒട്ടുമിക്ക അപകടങ്ങളും വേണ്ടത്ര സുരക്ഷാനടപടികള്‍ സ്വീകരിക്കാത്തതിന്റെ ഫലമായി ഉണ്ടാകുന്നതുമാണ്. ഓരോ അപകടവും കഴിയുമ്പോള്‍ അവിടെ വേണ്ടത്ര സുരക്ഷയില്ലായിരുന്നുവെന്നും സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതു സംബന്ധിച്ച നിയമങ്ങള്‍ പാലിച്ചില്ലെന്നുമൊക്കെ വാര്‍ത്തകള്‍ വരും. പിന്നെയും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കും. ഇക്കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ പടക്കം സൂക്ഷിച്ചിരുന്ന വീട്ടില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പടക്കവ്യാപാരിയും തൊഴിലാളിയും മരിച്ച സംഭവവും ഇതിന്റെ തുടര്‍ച്ചയാണ്. സ്ഫോടനം നടന്ന വീടിന്റെ സമീപപ്രദേശത്തുള്ള വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഉത്സവാഘോഷങ്ങളോടനുബന്ധിച്ചു വീടുകളില്‍ പടക്കം ഉപയോഗിക്കുന്നത് കേരളത്തില്‍ വ്യാപകമാണ്. ദീപാവലി, വിഷു, ക്രിസ്മസ് തുടങ്ങി പ്രധാന ആഘോഷാവസരങ്ങളില്‍ ഇവയുടെ ഉപയോഗം വര്‍ധിക്കും. അതിനുള്ള ഒരുക്കം പടക്കക്കച്ചവടക്കാര്‍ വളരെ മുമ്പേ ആരംഭിക്കും. ഉത്സവങ്ങളോടും പെരുന്നാളുകളോടുമനുബന്ധിച്ചുള്ള വിപുലമായ കരിമരുന്നു പ്രയോഗങ്ങളും കേരളത്തില്‍ നടക്കാറുണ്ട്. വലിയതോതില്‍ പണച്ചെലവുള്ള ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നു പലരും പറയാറുണ്െടങ്കിലും ഓരോ വര്‍ഷവും കരിമരുന്നുപ്രയോഗത്തിനും പടക്കത്തിനുമൊക്കെയായി മലയാളി ഏറെ പണം ചെലവഴിക്കുന്നു. ചില സ്ഥലങ്ങളില്‍ ഇത്തരം ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം മറ്റു നല്ല കാര്യങ്ങള്‍ക്കായി മാറ്റിവച്ചു മാതൃക കാണിക്കുന്നുമുണ്ട്.

സ്ഫോടകവസ്തുക്കളും പടക്കങ്ങളുമൊക്കെ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. പക്ഷേ, അവയൊന്നും കാര്യക്ഷമമായി നടപ്പാക്കുകയോ നടപ്പാക്കുന്നുണ്േടായെന്നു പരിശോധിക്കുകയോ ചെയ്യുന്നില്ല. രാജ്യത്തു നിരോധിച്ച രാസവസ്തുക്കളാണു പടക്കത്തിന്റെയും കരിമരുന്നിന്റെയുമൊക്കെ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ്സ് ടി.ആര്‍. തോമസ് കഴിഞ്ഞദിവസം വെളിപ്പെടുത്തുകയുണ്ടായി. പടക്കം നിര്‍മിക്കുന്നതിനും കരിമരുന്നു പ്രയോഗത്തിനും ചില രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതു നിരോധിച്ചിട്ടുള്ളതാണ്. സള്‍ഫറും പൊട്ടാസ്യം ക്ളോറേറ്റും ചേര്‍ന്നുള്ള മിശ്രിതം അപകടസാധ്യത കൂടുതലുള്ളതായതിനാല്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പടക്കനിര്‍മാണശാലകളിലെ മിക്കവാറും അപകടങ്ങള്‍ക്കിടയാക്കുന്നത് ഈ മിശ്രിതമാണ്.

കരിമരുന്നുപ്രയോഗത്തിനായി ഉപയോഗിക്കുന്ന നിരോധിത രാസവസ്തുക്കള്‍ അപകടകരമായ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയേക്കാം. ഇക്കാര്യത്തില്‍ അധികൃതര്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്ഫോടകവസ്തു നിയമപ്രകാരം കേരളത്തില്‍ നിരോധിച്ചിട്ടുള്ള പല രാസവസ്തുക്കളും ഇവിടെ യഥേഷ്ടം ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ആശങ്കയുളവാക്കുന്നതാണ്. അനധികൃത ലൈസന്‍സ് കൈവശമുള്ളവരും ഈ മേഖലയില്‍ ധാരാളമുണ്ട്. തീക്കളിയാണിതെന്നറിയാതെ യാതൊരു മുന്‍കരുതലുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഏര്‍പ്പെടുത്താതെ കടകളിലും വീടുകളിലുമൊക്കെ പടക്കവും വെടിമരുന്നും സൂക്ഷിക്കുന്നവരുമുണ്ട്. ഇതു തങ്ങള്‍ക്കു മാത്രമല്ല, അടുത്തുള്ളവര്‍ക്കും വലിയ അപകടമുണ്ടാക്കുമെന്നവര്‍ തിരിച്ചറിയുന്നില്ല.


വലിയ ഉത്സവാഘോഷവേളകളില്‍ കൂടുതലായി സാധനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ രാവും പകലും ജോലി ചെയ്താണ് പലരും പടക്കങ്ങള്‍ നിര്‍മിക്കുന്നത്. അല്പം കൂടിയ കൂലി കിട്ടുമെന്നുള്ളതുകൊണ്ടാണ് അപകടസാധ്യതയുണ്െടങ്കിലും ചിലര്‍ ഈ ജോലി ഏറ്റെടുക്കുന്നത്. സാധാരണഗതിയില്‍ ജനവാസം കുറവുള്ള പ്രദേശങ്ങളിലാവും പടക്കനിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുക. ഇത്തരം സ്ഥലങ്ങളില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ പോലീസിനും അഗ്നിശമനസേനയ്ക്കുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ചേരാന്‍ താമസം നേരിടും. അതേസമയം ജനവാസമുള്ള സ്ഥലങ്ങളില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അനധികൃതമായി വെടിമരുന്നോ പടക്കമോ ശേഖരിച്ചുവച്ച് അപകടമുണ്ടായ സന്ദര്‍ഭങ്ങളുമുണ്ട്.

ഇന്ത്യയിലെ പടക്കനിര്‍മാണത്തിന്റെ ഏറിയ പങ്കും നടന്നിരുന്നത് ശിവകാശിയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. എന്നാലിപ്പോള്‍ ചൈനയില്‍നിന്നു പടക്കങ്ങളും കരിമരുന്നുപ്രയോഗത്തിനുള്ള വസ്തുക്കളും എത്തുന്നുണ്ട്. പടക്കങ്ങളും കരിമരുന്നു പ്രയോഗത്തിനുപയോഗിക്കുന്ന വസ്തുക്കളും സംഭരിക്കുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ചു കര്‍ശനമായ നിയമവ്യവസ്ഥകള്‍ എക്സ്പ്ളോസീവ്സ് ആക്ടില്‍ പറയുന്നുണ്ട്. പെട്രോളിയം ആന്‍ഡ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) ലൈസന്‍സ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അതേസമയം, പെസോയുടെ കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലകളുമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.

വളരെ പാവപ്പെട്ട ചുറ്റുപാടുകളില്‍ കഴിയുന്നവരാണ് പടക്കനിര്‍മാണത്തൊഴിലാളികള്‍. സീസണില്‍ കിട്ടുന്ന വരുമാനംകൊണ്ടു വര്‍ഷം മുഴുവന്‍ ജീവിതം മുന്നോട്ടു നീക്കേണ്ടവര്‍. അത്യന്തം അപകടകരമായ തൊഴില്‍സാഹചര്യങ്ങളില്‍ കഴിയുന്ന ഇവര്‍ക്ക് വേണ്ടത്ര സുരക്ഷയും അപകട ഇന്‍ഷ്വറന്‍സും നിര്‍ബന്ധമായും ഏര്‍പ്പെടുത്തേണ്ടതുണ്ട്. തങ്ങള്‍ കൈകാര്യം ചെയ്യുന്ന രാസവസ്തുക്കളുടെ സ്ഫോടകശക്തിയെപ്പറ്റി ഈ പാവങ്ങള്‍ക്ക് യാതൊരു ധാരണയുമുണ്ടാവില്ല. അവരെ അപകടക്കുഴിയിലേക്കു തള്ളിവിടാതെ സംരക്ഷിക്കാനുള്ള ചുമതല ഉടമസ്ഥര്‍ക്കുണ്ട്. പടക്കനിര്‍മാണശാലകള്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കുന്നുണ്െടന്നു സര്‍ക്കാര്‍ ഉറപ്പാക്കണം. ചേര്‍ത്തലയില്‍ കഴിഞ്ഞദിവസം നടന്നതുപോലുള്ള ദാരുണമായ അപകടങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തി ക്കാതിരിക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.