സിപിഎം- സിപിഐ വാക്പോര് മൂര്‍ച്ഛിക്കുന്നു
Saturday, October 25, 2014 12:29 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ സംബന്ധിച്ചു സിപിഎം-സിപിഐ നേതാക്കള്‍ തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിക്കുന്നു. ഇരുപാര്‍ട്ടികളുടെയും മുഖപത്രങ്ങളിലൂടെ അഴിച്ചുവിട്ട വിവാദം ഇപ്പോള്‍ പ്രമുഖ നേതാക്കള്‍ ഏറ്റെടുത്തതോടെ 1964-ലെ കമ്യൂണിസ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയ്ക്കു കാരണമായി.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സിപിഐക്കെതിരെ രംഗത്തെത്തിയപ്പോള്‍, സിപിഐ വിട്ടു പുറത്തുവന്നു സിപിഎം രൂപീകരിച്ച 32 നേതാക്കളില്‍ ഇന്ന് അവശേഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇന്നലെവരെ പ്രതികരിച്ചില്ല. വിഎസ് ഇന്നു പ്രതികരിക്കാനാണു സാധ്യത. ചെങ്കല്‍ച്ചൂളയിലെ സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ചതിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് ഇപ്പോഴത്തെ വിവാദത്തെ സംബന്ധിച്ചു പ്രതികരിച്ചേക്കും.

സിപിഐ വാരികയായ 'നവയുഗ'ത്തിലൂടെ കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ ദുരന്തമെന്നു വിശേഷിപ്പിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനു ദേശാഭിമാനി പത്രത്തിലൂടെ സിപിഎം ശക്തമായ മറുപടി നല്‍കിയിരുന്നു. പിളര്‍പ്പിനു കാരണക്കാര്‍ സിപിഐ തന്നെയാണെന്നു പറയുന്ന പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ സിപിഎം രൂപീകരിച്ചില്ലെങ്കില്‍ രാജ്യത്തു തൊഴിലാളിവര്‍ഗ വിപ്ളവ പാര്‍ട്ടി ഉണ്ടാകില്ലായിരുന്നു എന്നാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അവഹേളനം കൊണ്ടു സിപിഎമ്മിനെ തകര്‍ക്കാനാകില്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദേശാഭിമാനിയില്‍ നല്‍കിയ ലേഖനം സിപിഐക്കുള്ള മറുപടിയാണെന്നും വ്യക്തമാക്കിയിരുന്നു.

ഇന്നലെ കോടിയേരി ബാലകൃഷ്ണനും പന്ന്യനെതിരേ രംഗത്തു വന്നു. 'നവയുഗ'ത്തില്‍ വന്ന ലേഖനം പന്ന്യന്റെ മാത്രം അഭിപ്രായമാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ പന്ന്യനെ വിമര്‍ശിച്ചു രംഗത്തെത്തുമ്പോള്‍ സിപിഐയുടെ നേതാക്കളാരും പാര്‍ട്ടി സെക്രട്ടറിയെ പിന്തുണയ്ക്കാനോ അഭിപ്രായം പറയാനോ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സിപിഐയുടെ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ ചില സ്ഥലങ്ങളില്‍ പന്ന്യന്റെ നിലപാടിനെതിരേ സമ്മേളനങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സമ്മേളനങ്ങള്‍ നടക്കവേ സിപിഎമ്മിനെതിരേ പാര്‍ട്ടി വാരികയിലൂടെ സംസ്ഥാന സെക്രട്ടറി നടത്തിയ പരാമര്‍ശം അനവസരത്തില്‍ ആയിരുന്നുവെന്നാണു ചില സിപിഐ നേതാക്കളുടെ പക്ഷം. സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണെന്ന ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം വിവാദമായപ്പോള്‍ സിപിഐ അദ്ദേഹത്തെ വിലക്കിയിരുന്നു.

പിണറായിയും കോടിയേരിയും സിപിഐക്കെതിരേ പ്രതികരിച്ച സാഹചര്യത്തില്‍ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ വി.എസിന്റെ നിലപാട് ഈ വിവാദത്തില്‍ പ്രസക്തമാണ്. വി.എസ് എന്തു പ്രതികരിച്ചാലും വിവാദം കൂടുതല്‍ മൂര്‍ച്ഛിക്കാനാണു സാധ്യത. കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെ സംബന്ധിച്ചു കേരളത്തില്‍ നടക്കുന്ന വാഗ്വാദത്തില്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വിവാദം അവസാനിപ്പിക്കാന്‍ ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതാക്കള്‍ ഇടപെടാനും സാധ്യതയുണ്ട്.


പിളര്‍പ്പു ദുരന്തംതന്നെ: പന്ന്യന്‍

തിരുവനന്തപുരം: 1964ലെ പിളര്‍പ്പ് കമ്യൂണിസ്റ് പാര്‍ട്ടിക്കേറ്റ ദുരന്തമാണെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇതുസംബന്ധിച്ച് സിപിഎം പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനത്തിന് ഇന്നു സിപിഐ മുഖപത്രത്തിലൂടെ മറുപടി നല്‍കുമെന്നും പന്ന്യന്‍ അറിയിച്ചു.

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍, രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും ഐക്യമാണ് ആഗ്രഹിക്കുന്നത്. 1964ല്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ പാര്‍ട്ടിയായിരുന്ന കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. ഐക്യത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഭിന്നതയെക്കുറിച്ചു പറയുന്നതു ശരിയല്ല.

അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ സിപിഎമ്മിന് അവകാശമുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ എഴുപത്തഞ്ചാം വാര്‍ഷികമാണ് ആഘോഷിക്കേണ്ടത്. സിപിഎമ്മുകാര്‍ സഹാദരന്മാരാണെന്നാണ് സിപിഐക്കാര്‍ വിശ്വസിക്കുന്നത്. സത്യം പറയുന്നത് ആക്ഷേപമല്ല. അവര്‍ വാര്‍ഷികാഘോഷത്തിനു വിളിച്ചാല്‍ പോകുമെന്നും പന്ന്യന്‍ വ്യക്തമാക്കി.

പിളര്‍ന്നില്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ് പ്രസ്ഥാനം തരിപ്പണമാകുമായിരുന്നു: പിണറായി

തിരുവനന്തപുരം: കമ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ് പ്രസ്ഥാനം തകര്‍ന്നു തരിപ്പണമാകുമായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കമ്യൂണിസ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ദുരന്തമായിരുന്നുവെന്ന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ അഭിപ്രായത്തിനു മാധ്യമ പ്രവര്‍ത്തകരോടു മറുപടി പറയുകയായിരുന്നു അദ്ദേഹം.

വര്‍ഗനിലപാടിന്റെ ഭാഗമായാണ് അന്നു നിലപാടു സ്വീകരിച്ചത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സ്വീകരിച്ച നിലപാടിന്റെ ദുരന്തം തകര്‍ത്ത പാര്‍ട്ടിയാണു സിപിഐ. ആ നിലപാട് സ്വീകരിച്ചതിനാലാണ് കമ്യൂണിസ്റ് പ്രസ്ഥാനത്തിന് തുടരാന്‍ കഴിഞ്ഞത്. അല്ലങ്കില്‍ പ്രസ്ഥാനം തകര്‍ന്നു പോകുമായിരുന്നു. സിപിഐ സ്വീകരിച്ച വര്‍ഗവഞ്ചനാപരമായ നിലപാടില്‍നിന്ന് തിരിച്ചുപോരാന്‍ കഴിഞ്ഞത് സിപിഎം നല്ല നിലപാടില്‍ പ്രവര്‍ത്തിച്ചതിനാലാണ്.

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനു കൂടുതല്‍ പറയാനുള്ളതു പറഞ്ഞശേഷം കൂടുതല്‍ പറയാമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.