പട്ടിക്കൂട് വിവാദം: സ്കൂള്‍ തുറക്കണമെന്ന് ഉപഹര്‍ജി
Saturday, October 25, 2014 12:12 AM IST
കൊച്ചി: തിരുവനന്തപുരത്തു സ്കൂള്‍ വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവവുമായി ബന്ധപ്പെട്ട് അടച്ചിട്ട സ്കൂള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു സ്കൂള്‍ മാനേജ്മെന്റും പ്രിന്‍സിപ്പല്‍ ശശികലയും ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. നേരത്തേ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് ഉപഹര്‍ജി. തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പൂട്ടാനും സ്കൂളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്കൂളിലേക്കു മാറ്റാനുമുള്ള സംഘടിതശ്രമമായിരുന്നു ഇതിനു പിന്നിലെന്നു ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്തു സ്കൂള്‍ തുറക്കുന്നതിനു അനുമതി നല്‍കണം.

കഴിഞ്ഞ ഓഗസ്റ് 25നു സ്കൂള്‍ വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം തടഞ്ഞു ഡിപിഐ ഉത്തരവു നല്‍കിയിരുന്നു. പിന്നീടു ഡിപിഐയുടെ ഉത്തരവ് സര്‍ക്കാര്‍ സ്റേ ചെയ്യുകയും സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. ഇതിനെതിരേ കുട്ടിയുടെ മാതാവ് എ.സി. സുമി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്കൂള്‍ തുറക്കുന്ന നടപടി സ്റേ ചെയ്തു. പിന്നീടാണു പ്രിന്‍സിപ്പല്‍ ശശികല സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇന്നലെ ഉപഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.