കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
Saturday, October 25, 2014 12:11 AM IST
കൊണ്േടാട്ടി: ഷാര്‍ജയില്‍നിന്നു കരിപ്പൂരിലെത്തിയ എയര്‍ അറേബ്യ വിമാനത്തിന്റെ ശുചിമുറി മാലിന്യത്തില്‍നിന്നും ഇതേ വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്നുമായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. 3.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരനെയും നാലു താത്കാലിക ശുചീകരണ തൊഴിലാളികളെയും എയര്‍ കസ്റംസ് കസ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് കൊടുവളളി വെളളാറ കുന്നുമ്മല്‍ സിദ്ദിഖില്‍(29)നിന്ന് 1.6 കിലോ സ്വര്‍ണവും ഈ വിമാനത്തിന്റെ ശുചിമുറി മാലിന്യത്തില്‍നിന്നു രണ്ടു കിലോ സ്വര്‍ണവുമാണു കണ്െടത്തിയത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു കസ്റംസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ പിടികൂടി ബാഗേജ് പരിശോധിച്ചപ്പോഴാണു കള്ളക്കടത്തു കണ്ടത്. ബാഗിലുണ്ടായിരുന്ന എമര്‍ജന്‍സി വിളക്കിലും ബാറ്ററി ചാര്‍ജറിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എമര്‍ജന്‍സി വിളക്കില്‍ ഒരു കിലോ സ്വര്‍ണം രണ്ടു കഷണങ്ങളാക്കിയും ബാറ്റിക്കകത്ത് 600 ഗ്രാമിന്റെ കഷണവുമാണുണ്ടായിരുന്നത്. പെട്ടെന്നു കണ്െടത്താന്‍ കഴിയാത്ത വിധത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവയ്ക്കു മാര്‍ക്കറ്റില്‍ 45 ലക്ഷം രൂപ ലഭിക്കും. സിദ്ദിഖ് സ്വര്‍ണക്കടത്തിന്റെ കാരിയറാണ്. രണ്ടര വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സിദിഖിനു സുഹൃത്ത് പാലക്കാട് ഒറ്റപ്പാലം സ്വദേശി മുനീറാണു സ്വര്‍ണം നല്‍കിയതെന്നു പറയുന്നു. നാട്ടിലെത്തിയാല്‍ മുനീറിന്റെ ആളുകള്‍ സ്വര്‍ണം ഏറ്റുവാങ്ങുമെന്നും അപ്പോള്‍ 40,000 രൂപ നല്‍കുമെന്നുമാണു കരാര്‍. ഭാര്യയുടെ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍വേണ്ടിയാണ് ഇയാള്‍ കള്ളക്കടത്തിനു തുനിഞ്ഞത്. ഇയാളെ പിന്നീട് അറസ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.


എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം യാത്രക്കാരെ ഇറക്കി തുടര്‍സര്‍വീസിനുളള ഒരുക്കത്തിനായി ശുചീകരിക്കുന്നതിനിടെയാണു മാലിന്യത്തില്‍നിന്ന് ഓരോ കിലോ തൂക്കം വരുന്ന രണ്ടു സ്വര്‍ണക്കട്ടികള്‍ കണ്െടത്തിയത്. വിമാനത്തിലെ ബാത്ത് റൂം മാലിന്യത്തിലുണ്ടായിരുന്ന രണ്ടു നാപ്കിന്നിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

അതേസമയം, ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചു പുറത്തു കടത്താനായി എത്തിച്ചതാകാം സ്വര്‍ണമെന്നു കസ്റംസ് പറഞ്ഞു. നാലു താത്കാലിക ശുചീകരണ ത്തൊഴിലാളികളെ കസ്റംസ് പിടികൂടി ചോദ്യംചെയ്തങ്കിലും ഇവര്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം വിമാനത്തിന്റെ പിന്‍വാതില്‍ വഴിയാണു പുറത്തിറക്കാറുള്ളത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന തലശേരി സ്വദേശിയായ സെക്യൂരിറ്റി ഉദ്യോഗസ്ഥനു ചോദ്യംചെയ്യലിനു നോട്ടീസ് നല്‍കി. വിമാനമാലിന്യം സംസ്കരിക്കുന്നിടത്തു സ്വര്‍ണം പുറത്തു കടത്താനാണു ശ്രമമെന്നു കരുതുന്നു. മാലിന്യത്തിലൊളിപ്പിച്ചും സ്വര്‍ണക്കടത്ത് പെരുകിയതോടെ മാലിന്യങ്ങളും പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കരിപ്പൂര്‍ കസ്റംസ് അസിസ്റന്റ് കമ്മീഷണര്‍ ശ്യാം സുന്ദറിന്റെ നേതൃത്വത്തില്‍ എയര്‍ കസ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍.എസ് അരുള്‍ പ്രസാദ്,അജയ് റായ്, ആനന്ദ് വിക്രം സിംഗ്, സി. പ്രദീപ് കുമാര്‍, രാജീവ് രഞ്ജന്‍, എം. മുരുകന്‍, എം. ലക്ഷ്മണന്‍, ഗോവിന്ദ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണു കളളക്കടത്തു പിടികൂടിയത്. കേസ് തുടരന്വേഷണത്തിനായി കോഴിക്കോട്, തലശേരി കസ്റംസ് പ്രവന്റീവ് വിഭാഗത്തിനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.