മുഖപ്രസംഗം: കള്ളപ്പണം കണ്െടടുക്കാന്‍ ഇനിയും എന്തിനു വൈകുന്നു?
Saturday, October 25, 2014 10:59 PM IST
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്െടത്തി നാട്ടിലെത്തിക്കുമെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കുറേക്കാലമായി. നികുതി വെട്ടിച്ചും അനധികൃത മാര്‍ഗങ്ങളിലൂടെയും കൂനകൂട്ടിയ പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുകയും നടപടിയെടുക്കുകയും ചെയ്യുമെന്നു കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും കാര്യമായൊന്നും നടന്നില്ല. വിദേശരാജ്യങ്ങളുമായുള്ള കരാറിന്റെയും മറ്റും പ്രശ്നം പറഞ്ഞു നടപടി നീണ്ടുപോയി. ആ വീഴ്ചയില്‍നിന്നു യുപിഎയുടെ എതിരാളികള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുതലെടുക്കുകയും ചെയ്തു. ബിജെപിയും അതിന്റെ നക്ഷത്ര പ്രചാരകനായിരുന്ന നരേന്ദ്ര മോദിയും ഏറെ പ്രാധാന്യം നല്‍കിയൊരു വിഷയമായിരുന്നു കള്ളപ്പണം. അധികാരത്തിലെത്തിയാല്‍ നൂറുദിവസത്തിനുള്ളില്‍ സകല കള്ളപ്പണവും കണ്െടത്തി പുറത്തുകൊണ്ടുവരുമെന്നു പ്രഖ്യാപിച്ച മോദിയെ ജനം പ്രധാനമന്ത്രിയാക്കി. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷവും കൊടുത്തു. അങ്ങനെ ചെയ്തപ്പോള്‍ ജനത്തിന് ഉണ്ടായിരുന്ന പല പ്രതീക്ഷകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വിദേശത്തു നിക്ഷേപിക്കപ്പെട്ട കള്ളപ്പണം വെളിച്ചത്തു വരുമെന്നത്.

രാജ്യത്തിനു നിയമപരമായി ലഭിക്കേണ്ട നികുതി നല്‍കാതെ വിദേശ ബാങ്കുകളില്‍ അവ വാഗ്ദാനം ചെയ്യുന്ന രഹസ്യാത്മകതയുടെ അടിസ്ഥാനത്തില്‍ പൌരന്മാര്‍ നിക്ഷേപിക്കുന്ന പണമാണ് ഇവിടെപ്പറയുന്ന കള്ളപ്പണം. വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉപയോഗിക്കപ്പെടേണ്ട ഏറെ പണമാണ് ഇങ്ങനെ രാജ്യത്തിനു നഷ്ടമാകുന്നത്. ന്യായമായ രീതിയില്‍ പണമുണ്ടാക്കുകയും കണക്കുകള്‍ സമര്‍പ്പിക്കുകയും നികുതികള്‍ നല്‍കുകയും ചെയ്യുന്നവരെ വിഡ്ഢികളാക്കുകയാണു വിദേശ ബാങ്കുകളില്‍ രഹസ്യനിക്ഷേപം നടത്തുന്ന കള്ളപ്പണക്കാര്‍.

കള്ളപ്പണക്കാരെ വെളിച്ചത്തു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ ഇതൊരു രാഷ്ട്രീയക്കളിയോ എന്ന സംശയം ഉളവാക്കുന്നുണ്ട്. അധികാരമേറ്റതിന്റെ അടുത്തദിവസംതന്നെ കള്ളപ്പണവേട്ടയ്ക്കു തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാര്‍ പിന്നീടിങ്ങോട്ടു കാട്ടുന്നത് അപഹാസ്യമായ നിരുത്സാഹമാണ്. അവസാനം സുപ്രീംകോടതിയുടെ ഇടപെടലുണ്ടായപ്പോഴാണ് എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന വിചാരം സര്‍ക്കാരിനുണ്ടായത്. അതുതന്നെ കൃത്യമായും സുതാര്യമായും ചെയ്യാന്‍ കഴിയുന്നില്ല എന്നതാണു പ്രശ്നം. ഇത്രയും ഗൌരവമേറിയ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ നിലപാടുകള്‍ വ്യക്തതയുള്ളതായിരിക്കണം. കോടതിയില്‍ നിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറാണെന്നു സര്‍ക്കാര്‍ പറയുന്നു. എങ്കില്‍ അതു ചെയ്യുന്നതിന് എന്താണു തടസം? ചിലരുടെ പേരുകള്‍ വെളിപ്പെടുത്തുമ്പോള്‍ മറ്റു ചിലരുടേതു വെളിപ്പെടുത്താനാവില്ല എന്നു പറയുന്നതിന്റെ ന്യായം വ്യക്തമാക്കേണ്ടതുണ്ട്.

കള്ളപ്പണം വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവരെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയോ പ്രചരിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുകയോ ചെയ്യുന്നു. ഇവിടെയാണു കള്ളപ്പണത്തിലെ രാഷ്ട്രീയക്കളി. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചാണ് ഇപ്പോള്‍ കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും കള്ളപ്പണം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള സാഹചര്യമുണ്ട്. ആ രാജ്യങ്ങളിലെ നിയമങ്ങള്‍ കള്ളപ്പണ നിക്ഷേപകര്‍ക്കു നല്‍കുന്ന സംരക്ഷണത്തിന്റെ പേരില്‍ നിസഹായത പ്രകടിപ്പിക്കുകയാണ് ഇവിടത്തെ സര്‍ക്കാര്‍. ഇവിടെ അടിസ്ഥാനപരമായ പ്രശ്നം, ഇത്തരത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള പണം ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച് സമ്പാദിച്ചതാണെന്നതാണ്. ഒരു ഇന്ത്യന്‍ പൌരന്‍ സമ്പാദിക്കുന്ന പണം നിയമപരമായ നികുതി നല്‍കി ഇവിടെത്തന്നെ നിക്ഷേപിക്കാനാവും. അങ്ങനെയിരിക്കെ ചിലര്‍ പണം വിദേശബാങ്കുകളിലേക്കു കടത്തുന്നുവെങ്കില്‍ അതിനര്‍ഥം അതു കള്ളപ്പണമാണെന്നുതന്നെയാണ്. അത്തരം പണം കണ്െടത്തുകയും നിയമലംഘനം നടത്തിയവരെ ശിക്ഷിക്കുകയും വേണം.


കള്ളപ്പണവേട്ടയെക്കുറിച്ചു ചര്‍ച്ചകള്‍ നീളുന്തോറും കള്ളപ്പണക്കാര്‍ക്കു തങ്ങളുടെ പണം സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും മാറ്റാനുള്ള സൌകര്യം ലഭിക്കുകയാണ്. കോടതി നിര്‍ദേശം വന്നിട്ടും നടപടികള്‍ താളംതല്ലുമ്പോള്‍ അവര്‍ക്കു രക്ഷപ്പെടാനുള്ള സമയം നീട്ടിക്കിട്ടുന്നു. ഇതിനോടകം പലരും പണം സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റിയിട്ടുണ്ടാവും. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരം പുറത്തുവരുമ്പോള്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ നേട്ടം ഉറപ്പുവരുത്തുകയാണോ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കള്ളപ്പണസമ്പാദനവും നിക്ഷേപവും ആരു നടത്തിയാലും അതു രാജ്യദ്രോഹമാണ്. അത്തരക്കാരെ പാര്‍ട്ടിയും പദവിയും നോക്കിയല്ല കൈകാര്യം ചെയ്യേണ്ടത്; നീതിയും നിയമവും അടിസ്ഥാനമാക്കിയാണ്. വിദേശ ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപകരുടെ കള്ളപ്പണത്തെക്കുറിച്ചു പലതരം കണക്കുകളാണു പ്രചരിക്കുന്നത്. ദേശീയ വരുമാനത്തിന്റെ മുക്കാല്‍ ഭാഗം തുകയ്ക്കുള്ള കള്ളപ്പണമുണ്െടന്ന് ഒരു കൂട്ടര്‍. അത്രയൊന്നുമില്ല, പതിനായിരം കോടിയേ ഉള്ളൂവെന്നു മറ്റു ചിലര്‍. സത്യാവസ്ഥ പുറത്തുവരാതിരിക്കാന്‍ ആരൊക്കെയോ ഇപ്പോഴും കരുക്കള്‍ നീക്കുന്നുണ്ട്.

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം മുഴുവന്‍ തിരികെക്കൊണ്ടുവന്നു വീതം വച്ചാല്‍ ഓരോ പൌരനും പതിനഞ്ചു ലക്ഷം രൂപ വീതം കിട്ടുമെന്നൊരു കണക്കു നരേന്ദ്രമോദി തന്നെയാണു മുന്നോട്ടുവച്ചത്. ഏതായാലും ഒരു പൈസ പോലും ഇതുവരെ രാജ്യത്ത് എത്തിയിട്ടില്ല. രാജ്യത്തിനു കിട്ടേണ്ടതു വാങ്ങിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞാല്‍ ജനങ്ങളിലേക്ക് അത് എത്തിക്കൊള്ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.