ഇറക്കുമതി ചെയ്ത ഒരു ലക്ഷത്തിലേറെ ടണ്‍ മണല്‍ കെട്ടിക്കിടക്കുന്നു
ഇറക്കുമതി ചെയ്ത ഒരു ലക്ഷത്തിലേറെ ടണ്‍ മണല്‍ കെട്ടിക്കിടക്കുന്നു
Monday, October 20, 2014 12:01 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കേരളത്തില്‍ കെട്ടിട നിര്‍മാണത്തിനു മണലില്ലാതെ വിഷമിക്കുമ്പോഴും കൊച്ചി തുറമുഖത്തെത്തിയ ലക്ഷക്കണക്കിനു ടണ്‍ മണല്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നു. രണ്ടു മാസം മുമ്പ് കംബോഡിയയില്‍നിന്ന് ഇറക്കുമതി ചെയ്ത ഒരു ലക്ഷത്തി പതിനായിരം ടണ്‍ മണലാണു തുറമുഖത്തു കെട്ടിക്കിടക്കുന്നത്. സ്ഥലത്തു തടസമായി കിടക്കുന്ന മണല്‍ ഉടന്‍ മാറ്റണമെന്നാവശ്യപ്പെട്ടു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് അധികൃതര്‍ മണല്‍ ഇറക്കുമതിചെയ്ത കമ്പനിക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത കമ്പനിക്കാര്‍ ഉയര്‍ന്ന വില ആവശ്യപ്പെടുന്നതു കൊണ്ടാണു മണല്‍ വാങ്ങാന്‍ ആളില്ലാത്തതെന്ന് അറിയുന്നു. അതേസമയം, പ്രാദേശിക വില്‍പ്പനക്കാര്‍ മണല്‍വില്‍പ്പന തടസപ്പെടുത്തുകയാണെന്ന് ഇറക്കുമതിക്കാര്‍ പറയുന്നു.

ചെന്നൈ ആസ്ഥാനമായുള്ള ടൈറ്റാനിക്സ് ഇന്ത്യ എന്ന കമ്പനിയാണു കംബോഡിയന്‍ മണല്‍ ഇറക്കുമതി ചെയ്തു പൊല്ലാപ്പിലായിരിക്കുന്നത്. കേരളത്തില്‍ മണലിനു വലിയ ആവശ്യമുണ്ടായിട്ടും മണല്‍ വാങ്ങാന്‍ ആരുമില്ലാത്തത് എന്തു കൊണ്ടാണെന്നു വ്യക്തമാകുന്നില്ലെന്നു കമ്പനി വക്താക്കള്‍ പറയുന്നു. നിലവിലെ കമ്പോള വിലയ്ക്കനുസരിച്ചു മണല്‍വില്‍ക്കാന്‍ തയാറാണ്. പ്രാദേശിക മണല്‍ മാഫിയസംഘങ്ങള്‍ ആവശ്യക്കാരെ തടസപ്പെടുത്തുന്നതാണെന്നു സംശയമുണ്െടന്നും അവര്‍ പറയുന്നു. അതേസമയം ക്യുബിക് അടിക്ക് 100 രൂപയാണു മണലിനു കമ്പനി ആവശ്യപ്പെടുന്നതെന്നാണു പ്രാദേശിക മണല്‍ കച്ചവടക്കാര്‍ പറയുന്നത്. 90 രൂപയ്ക്കാണ് ഇപ്പോള്‍ കേരളത്തില്‍ വില്‍പ്പന നടക്കുന്നത്.


ഇതിനിടെ, മണല്‍ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു പോര്‍ട്ട് ട്രസ്റ്, കമ്പനിക്കു നോട്ടീസ് നല്‍കിക്കഴിഞ്ഞു. മറ്റു കാര്‍ഗോകള്‍ ഇറക്കി സൂക്ഷിക്കാനുളള സ്ഥലമാണിതെന്നും നിശ്ചിത സമയത്തിനുള്ളില്‍ മണല്‍ മാറ്റിയില്ലെങ്കില്‍ കണ്ടുകെട്ടുമെന്നും പോര്‍ട്ട് ട്രസ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. മണല്‍ ഇറക്കുമതി ചെയ്ത ഷിപ്പിംഗ് കമ്പനിക്കു തുക മുഴുവന്‍ കമ്പനി നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം മറ്റൊരു കമ്പനി ഇറക്കുമതി ചെയ്ത മണല്‍ കസ്റംസ് ക്ളിയറന്‍സ് ലഭിക്കാത്തതു മൂലം ഏറെ നാള്‍ തുറമുഖത്തു കെട്ടിക്കിടന്നിരുന്നു. പിന്നീട് ഈ മണല്‍ കൊണ്ടുപോയെങ്കിലും ഇതിന്റെ ഒരു ഭാഗം ഇപ്പോഴും തുറമുഖത്തു ശേഷിക്കുന്നുണ്ട്.

ഇതിനിടെ, വാങ്ങാന്‍ ആളില്ലാത്തതു മൂലം കൊച്ചി തുറമുഖം വഴി ഇനി മണല്‍ ഇറക്കുമതി ചെയ്യേണ്െടന്നാണ് ഇറക്കുമതിക്കാരുടെ തീരുമാനമെന്നറിയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.