മകനെത്തേടി പുലര്‍ച്ചെ പോലീസ് വീട്ടില്‍; അമ്മ കുഴഞ്ഞുവീണു മരിച്ചു
മകനെത്തേടി പുലര്‍ച്ചെ പോലീസ് വീട്ടില്‍; അമ്മ കുഴഞ്ഞുവീണു മരിച്ചു
Monday, October 20, 2014 12:05 AM IST
പേരാമ്പ്ര: പെറ്റിക്കേസില്‍ വാറണ്ടുള്ള യുവാവിനെ ത്തേടി പുലര്‍ച്ചെ രണ്ടിനു വീട്ടിലെത്തിയ പോലീസിനെ കണ്ടു വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പട്ടാണിപ്പാറയ്ക്കടുത്ത് മുടിയന്‍ചാലില്‍ ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. പാറച്ചാലില്‍ കേളപ്പന്‍ നായരുടെ മകന്‍ രാധാകൃഷ്ണനെ (48)തേടിയാണു പോലീസെത്തിയത്. മകനെ അറസ്റ്ചെയ്യാനെത്തിയ പോലീസ് സംഘത്തെ കണ്ട് അമ്മ നാരായണി (68) കുഴഞ്ഞുവീഴുകയായിരുന്നു.

റെയ്ഡിനെത്തിയ എസ്ഐയുടെ ചാര്‍ജുള്ള അഡീഷണല്‍ എസ്ഐ ഗോപിയുടെ നേതൃത്വത്തിലുള്ള പെരുവണ്ണാമൂഴി പോലീസ് കുന്നിന്‍ മുകളിലുള്ള വീട്ടില്‍നിന്നു രാധാകൃഷ്ണന്റെ സഹായത്തോടെ നാരായണിയെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു. മൃതദേഹം പോലീസ് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

രാധാകൃഷ്ണനെത്തേടി പോലീസെത്തിയതും കുഴുവീണ നാരായണിയെ ആശുത്രിയില്‍ കൊണ്ടുപോയതും അയല്‍ക്കാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. രാവിലെ എട്ടരയോടെ വിവരമറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചു പെരുവണ്ണാമൂഴി സ്റേഷനിലെത്തി. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോസ് സ്റേഷനിലെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്െടന്നും പോലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്െടന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടെ, സ്റേഷനിലെത്തിയ സിപിഎം നേതാവും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ. സുനില്‍ പോലീസ് നടപടിയിലുള്ള പ്രതിഷേധം സിഐയെ അറിയിച്ചു. തുടര്‍ന്നു സിപിഎം പ്രവര്‍ത്തകര്‍ പന്തിരിക്കരയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞു മൂന്നുവരെ പന്തിരിക്കരയില്‍ ഹര്‍ത്താല്‍ ആചരിച്ചു.


ഇന്നലെ വ്യാപകമായി പരിശോധനയുണ്ടായിരുന്നെന്നും വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവരെ കണ്െടത്താനുള്ള റെയ്ഡുകള്‍ നടത്തുന്നതിന്റെ ഭാഗമായാണു വാറണ്ടുണ്ടായിട്ടും കോടതിയില്‍ ഹാജരാകാതിരുന്ന രാധാകൃഷ്ണനെ തേടി വീട്ടിലെത്തിയതുമെന്നാണു പോലീസ് പറയുന്നത്. മരിച്ച നാരായണിയുടെ മറ്റു മക്കള്‍: സജീവന്‍, ലീലാവതി, പരേതനായ സത്യന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.