നികുതിവര്‍ധനയില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല: കെ.സി. ജോസഫ്
നികുതിവര്‍ധനയില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല: കെ.സി. ജോസഫ്
Sunday, September 21, 2014 12:06 AM IST
കണ്ണൂര്‍: അനിവാര്യമായ സാഹചര്യത്തിലാണു ചില നികുതികള്‍ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു മന്ത്രി കെ.സി. ജോസഫ്. ഇക്കാര്യത്തില്‍ ഭരണഘടനാ വിരുദ്ധമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭ ചേരാത്ത സമയങ്ങളില്‍ വേണ്ടിവരുന്ന നിയമനിര്‍മാണത്തിനുള്ള അധികാരം ഭരണഘടന പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കേരളത്തില്‍ ആദ്യമായല്ല ഓര്‍ഡിനന്‍സ് വഴി നികുതിവര്‍ധന നടപ്പാക്കുന്നത്.

നിയമസഭയെ മറികടക്കാനുള്ള ഒരു ഉദ്ദേശ്യവും സര്‍ക്കാരിനില്ല. ഭരണഘടന അനുശാസിക്കും വിധമുള്ള സമയപരിധിക്കകം നിയമസഭ വിളിച്ചുചേര്‍ത്ത് അനുമതി തേടും. നികുതിവര്‍ധനയുടെ പേരുപറഞ്ഞു സമരം നടത്താനുള്ള സിപിഎം നീക്കം അപലപനീയമാണ്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, ബിയര്‍, വൈന്‍, സിഗരറ്റ് എന്നിവയ്ക്കാണു കൂടുതല്‍ നികുതി വര്‍ധിപ്പിച്ചത്. ഭൂനികുതിയിലും ഭാരിച്ച വര്‍ധനയൊന്നുമല്ല. സ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് നിരക്കില്‍ ഉയര്‍ന്നപരിധി നീക്കുക മാത്രമാണു ചെയ്തത്. ഇതില്‍ ഏതു നികുതിയാണു പിന്‍വലിക്കേണ്ടതെന്നു സിപിഎം വ്യക്തമാക്കണം.

കേട്ടപാതി കേള്‍ക്കാത്ത പാതി സമരം നടത്തുമെന്നു പറഞ്ഞ് ഓലപ്പാമ്പ് കാട്ടി സര്‍ക്കാരിനെ ഭയപ്പെടുത്താമെന്നു സിപിഎം കരുതേണ്ട. നികുതിനിഷേധം പോലുള്ള സമരങ്ങളില്‍നിന്ന് ഇതിനു തയാറാകുന്നവര്‍ പിന്മാറണം. നികുതി ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന് അതു പിരിക്കാനറിയാമെന്നും കെ.സി. ജോസഫ് പറഞ്ഞു.

10000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കു നികുതി ഇല്ല. അതിനു മുകളില്‍ മാത്രമാണു നികുതിവര്‍ധന. വെള്ളത്തിന്റെ അമിത ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. 2008ലാണ് അവസാനമായി വെള്ളക്കരം വര്‍ധിപ്പിച്ചത്. നിലവിലുള്ള നിരക്കില്‍ വെള്ളം വിതരണം ചെയ്യുന്നതു വാട്ടര്‍ അഥോറിറ്റിക്കു താങ്ങാന്‍ കഴിയുന്നില്ല. വാട്ടര്‍ അഥോറിറ്റിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും ജനങ്ങള്‍ക്കു കൂടുതല്‍ സൌകര്യം ഒരുക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ പല പദ്ധതികളുടെയും ബാധ്യത ഏറ്റെടുക്കേണ്ടി വന്നതാണു ചെലവു വര്‍ധിക്കാന്‍ കാരണം. അല്ലാതെ അധികച്ചെലവോ ധൂര്‍ത്തോ അല്ല ഇതിനു പിന്നില്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷത്തെ മാന്ദ്യവിരുദ്ധ പാക്കേജിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ 1500 കോടിയുടെ പദ്ധതിയുടെ പണം കൊടുത്തത് ഈ സര്‍ക്കാരാണ്. അധ്യാപക പാക്കേജ് വഴി നിയമനം അംഗീകരിച്ചു നല്‍കിയതിന്റെ അധിക ബാധ്യതയും ഏറ്റെടുക്കേണ്ടിവന്നു.


ഗവ. കോളജ് ഇല്ലാത്ത മണ്ഡലങ്ങളില്‍ പുതിയ കോളജ് എന്ന തീരുമാനത്തിന്റെ ഭാഗമായി 22 കോളജുകള്‍ തുടങ്ങിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ പുതിയ മെഡിക്കല്‍കോളജ് ആരംഭിക്കാന്‍ തീരുമാനിച്ചു. മഞ്ചേരിയിലും ഇടുക്കിയിലും പാലക്കാടും മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങി. എംഎല്‍എമാര്‍ക്ക് അഞ്ചുകോടി വീതം ആസ്തി വികസനഫണ്ട് പുതുതായി അനുവദിച്ചു. 12 താലൂക്ക്, 31 വില്ലേജ് എന്നിവയും പുതുതായി അനുവദിച്ചു. ചികിത്സാ പദ്ധതികളിലെല്ലാം സഹായം നല്ലതോതില്‍ വര്‍ധിപ്പിച്ചു.

കാരുണ്യ പോലുള്ള പുതിയ പദ്ധതികള്‍ തുടങ്ങി. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടം തന്നെ ഉണ്ടായി. ഇതിന്റെ ഫലമായി സര്‍ക്കാരിന്റെ ചെലവ് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റവന്യൂ വരുമാനം 44,137 കോടിയും റവന്യൂ ചെലവ് 53,488 കോടിയുമാണ്. കേന്ദ്ര നികുതി വിഹിതമായി 16 ശതമാനം ലഭിക്കേണ്ടത് ഏഴു ശതമാനമാക്കി കുറച്ചു. രാജ്യത്താകെ കഴിഞ്ഞ വര്‍ഷമുണ്ടായ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നായിരുന്നു ഈ കുറവ്.

സംസ്ഥാനത്തിന്റെ നികുതി പിരിവ് കുറയാനും ഈ മാന്ദ്യം കാരണമായി. വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അധിക വിഭവസമാഹരണം അനിവാര്യമായി വന്നു. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച് ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പുതിയ നികുതിവര്‍ധന വഴി 1000-1500 കോടിയും ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെ 2500 കോടിയും നികുതി കുടിശിക പിരിവ് വഴി 1200 കോടിയും സമാഹരിക്കാനാവുമെന്നാണു പ്രതീക്ഷ.

കുടിശിക പിരിവിനു ജില്ലകളില്‍ ഓരോ മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ തീവ്രശ്രമം നടത്തും. അധികവിഭവ സമാഹരണം സംബന്ധിച്ചു പഠിക്കാന്‍ ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. ജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാതെ വരുമാനം വര്‍ധിപ്പിക്കുകയെന്നതു സര്‍ക്കാരിന്റെ ചുമതലയാണ്. ഇതുമായി പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.