മനോജ് വധം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍
മനോജ് വധം: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍
Sunday, September 21, 2014 12:08 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റിലായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിര്‍മാണത്തൊഴിലാളിയുമായ കൂത്തുപറമ്പ് മാലൂര്‍ കുരുമ്പോളി തരിപ്പ പ്രഭാകരനെ ജില്ലാ സെഷന്‍സ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. മുഖംമൂടി ധരിപ്പിച്ചാണു പ്രഭാകരനെ കോടതിയില്‍ ഹാജരാക്കിയത്.

പ്രഭാകരനു ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നു കോടതി ഉത്തരവിട്ടു. പ്രഭാകരനെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കേണ്ടതിനാലാണിത്. പ്രഭാകരന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ വൈദ്യസഹായം ലഭ്യമാക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്റെ അപേക്ഷ പരിഗണിച്ചു വൈദ്യസഹായം ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു. പോലീസ് കസ്റഡിയിലുള്ള മുഖ്യപ്രതിയായ വിക്രമനെ കാണാന്‍ പ്രതിഭാഗം അഭിഭാഷകനെ കോടതി അനുവദിച്ചു. 24ന് വൈകുന്നേരം 3.30 മുതല്‍ നാലു വരെ വിക്രമനെ കാണാനാണ് അനുവാദം.


അതേസമയം, പ്രത്യേക അന്വേഷണസംഘത്തലവന്‍ എഡിജിപി എസ്. അനന്തകൃഷ്ണന്‍ ഇന്നലെ തലശേരിയിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. രാവിലെ 11ന് എത്തിയ എഡിജിപി രാത്രി എട്ടിനാണു മടങ്ങിയത്. മുഖ്യപ്രതി വിക്രമനെയും കൊലയാളിസംഘത്തിലെ അംഗമായ പ്രഭാകരനെയും എഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം നേരിട്ടു ചോദ്യംചെയ്തു.

രണ്ടു പ്രതികളെയും മുഖംമൂടി ധരിപ്പിച്ച് ഇന്നലെ രാവിലെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയും നടത്തി. ഇന്നലെ തലശേരിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എഡിജിപി അനന്തകൃഷ്ണനെ കണ്ടു കേസിന്റെ പുരോഗതി വിലയിരുത്തുമെന്നു നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.