വെള്ളാപ്പള്ളിക്കു ബാറുകള്‍ പൂട്ടുന്നതിലുള്ള വിരോധം: ഷാജി ജോര്‍ജ്
Thursday, August 28, 2014 12:22 AM IST
കൊച്ചി: ബാറുകള്‍ പൂട്ടുന്നതിലുള്ള വിരോധം തീര്‍ക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ക്രൈസ്തവ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നിരന്തരം സംസാരിക്കുന്നതിനെ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) വക്താവ് ഷാജി ജോര്‍ജ് അപലപിച്ചു. മതവിദ്വേഷം വളര്‍ത്തുന്നതിനും സമുദായ സ്പര്‍ധ ഉണ്ടാക്കുന്നതിനും മാത്രമേ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഉപകരിക്കൂ.

യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിച്ചുകൊണ്ടു ദേവാലയത്തില്‍ ഉപയോഗിക്കുന്ന വീഞ്ഞും മദ്യശാലകളില്‍ ഉപയോഗിക്കുന്ന വൈനും ഒന്നാണെന്നു പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേരുന്ന ദിവ്യബലിയില്‍ ഒരൌണ്‍സില്‍ താഴെ മാത്രം വീഞ്ഞാണ് ഉപയോഗിക്കുന്നത്. അതു സ്വീകരിക്കുന്നതുവഴി ഒരു അക്രമപ്രവര്‍ത്തനത്തിലേക്കും പോകാറില്ല. മറിച്ചു തങ്ങളുടെ വിശ്വാസം ദൃഢീകരിച്ചു സമൂഹത്തില്‍ കൂടുതല്‍ നന്മകള്‍ ചെയ്യാനുള്ള താല്പര്യത്തിലേക്കാണ് എത്തിച്ചേരുന്നത്.


വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചു മുന്‍ എംപി പി.ടി. തോമസ് ആലപ്പുഴ ഡിസിസിയില്‍ നടത്തിയ പത്രസമ്മേളനം അങ്ങേയറ്റം അപലപനീയമാണ്. ബാറുകള്‍ പൂട്ടരുത് എന്നഭിപ്രായമുള്ള ചിലരുടെ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പത്രസമ്മേളനം. ക്രൈസ്തവരിലെ മദ്യഉപഭോഗം ഇല്ലാതാക്കണം എന്നുള്ളതും സഭയുടെ ആഗ്രഹമാണ്. അതിനുള്ള നടപടികള്‍ സഭ സ്വീകരിച്ചു നടപ്പാക്കുന്നുണ്ട്. ലഹരിവിരുദ്ധ കമ്മീഷനുകള്‍ അതിന്റെ ഭാഗമാണ്. ഇടുക്കിയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പി.ടി. തോമസ് അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ്. മദ്യവിമുക്ത സമൂഹം ക്രൈസ്തവസഭ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും. ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.