ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ചെറുക്കും: ബിജെപി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ചെറുക്കും: ബിജെപി
Thursday, April 24, 2014 11:57 PM IST
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും അനുബന്ധ സ്വത്തുക്കളും ഏറ്റെടുക്കുവാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും തടയുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ മറവില്‍ ക്ഷേത്രവും സ്വത്തുവകകളും സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുവാനുള്ള നീക്കമാണ് യുഡിഎഫ് ഗവണ്‍മെന്റ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ക്ഷേത്രത്തില്‍ സ്വര്‍ണശേഖരം കണ്െടത്തിയനാള്‍ മുതല്‍ കേരള സര്‍ക്കാരിന്റെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമായിരുന്നു ക്ഷേത്ര കാര്യങ്ങള്‍ നടന്നിരുന്നത്. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നവരേയും തിരിച്ചു പോകുന്നവരേയും പലസ്ഥലങ്ങളിലും കേരളപോലീസിന്റെ വ്യത്യസ്ത വിഭാഗങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൂടാതെ, പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും സിസിടിവി ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍നിന്നും സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപ്പെട്ട വസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്െടങ്കില്‍ അതു സര്‍ക്കാരിന്റെ ഉത്താശയോടുകൂടി മാത്രമാണ്.


സ്വത്തുവകകള്‍ മോഷണം പോയിട്ടുണ്െടങ്കില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്െടത്താന്‍ സര്‍ക്കാര്‍ തയാറാകണം. പകരം, അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം തന്നെ തങ്ങള്‍ ഏറ്റെടുക്കാം എന്ന സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണ്. അമിക്കസ് ക്യൂറിയുടെ കണ്െടത്തലുകളില്‍ ശരിയും തെറ്റുമുണ്ടാകാം, അന്തിമ തീരുമാനം നീതിപീഠത്തിന്റേതാണ്.

ക്ഷേത്ര സ്വത്തുക്കള്‍ കാണിക്കയായി സമര്‍പ്പിച്ചതാണ്. അതിനവകാശികള്‍ ക്ഷേത്ര വിശ്വാസികള്‍ മാത്രമാണ.് മറിച്ചുള്ള പ്രചാരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെ ഉള്ളതാണ്. ക്ഷേത്ര വിശ്വാസികളുടേതു മാത്രമായിട്ടുള്ള ഒരു സുതാര്യ ഭരണ സംവിധാനമാണ് പത്മനാഭസ്വാമിക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രത്തിനും ആവശ്യം. ക്ഷേത്രവും സ്വത്തുവകകളും സംരക്ഷിക്കാന്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഏത് ചെറുത്തുനില്‍പ്പിനും ബിജെപി നേതൃത്വം നല്‍കുമെന്നും വി. മുരളിധരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.