ഇടിമിന്നലേറ്റു രണ്ടു വിദ്യാര്‍ഥികളടക്കം മൂന്നു പേര്‍ മരിച്ചു
ഇടിമിന്നലേറ്റു രണ്ടു വിദ്യാര്‍ഥികളടക്കം  മൂന്നു പേര്‍ മരിച്ചു
Tuesday, April 15, 2014 12:03 AM IST
കോഴിക്കോട്/ആലപ്പുഴ/ബാലരാമപുരം: സംസ്ഥാനത്ത് ഇന്നലെ ഉണ്ടായ ഇടി മിന്നലില്‍ മൂന്നു സംഭവങ്ങളില്‍ രണ്ടു വിദ്യാര്‍ഥികളും പാരലല്‍ കോളജ് അധ്യാപകനുമടക്കം മൂന്നുപേര്‍ മരിച്ചു. വിദ്യാര്‍ഥികളായ കോഴിക്കോട് പെരുമണ്ണ മാവൂര്‍പറമ്പില്‍ കെ.എം കൃഷ്ണന്റെ മകന്‍ അഭിനവ്(12), ആലപ്പുഴ നൂറനാട് പള്ളിക്കല്‍ ഇടിഞ്ഞയ്യത്ത് വേലന്റയ്യത്ത് (അനില്‍ഭവനം) സത്യന്റെ മകന്‍ അനില്‍ (14), പാരലല്‍ കോളജ് അധ്യാപകന്‍ ബാലരാമപുരം താന്നിവിള ചാത്തനംപാട്ടുകോണം ലാല്‍ നിവാസില്‍ വിജയകുമാറിന്റെ മകന്‍ ഹരിലാല്‍ (26) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകുന്നേരം മഴയ്ക്കിടെ വീട്ടില്‍നിന്നു പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അഭിനവിനു മിന്നലേറ്റത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിക്കാട്ടൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാംക്ളാസ് വിദ്യാര്‍ഥിയാണ്. അമ്മ: ശ്രീജ, സഹോദരി: അഭിനന്ദ.


വീടിനു സമീപമുള്ള ബന്ധുവീട്ടിലിരിക്കുമ്പോഴാണ് അനിലിനു മിന്നലേറ്റത്. നൂറനാട് പയ്യനല്ലൂര്‍ ഗവ.സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിയാണ്. മാതാവ്: പ്രമീള. സഹോദരി: അഖില.

ബാലരാമപുരം ചാത്തനംപാട്ടുകോണത്തെ വിശ്വമിത്ര ട്യൂട്ടോറിയല്‍ കോളജിലെ അധ്യാപകനാണ് ഹരിലാല്‍. ശക്തിയായി പെയ്ത മഴയെ ത്തുടര്‍ന്നു പാരലല്‍ കോളജിലെ രണ്ടാം നിലയിലുള്ള ക്ളാസ്റൂമില്‍നിന്നു കുട്ടികളെ താഴത്തേക്ക് ഇറക്കിക്കൊണ്ടു വരുന്നതിനിടെയാണ് ഏറ്റവും പിന്നില്‍ നിന്നിരുന്ന ഹരിലാലിനു മിന്നലേറ്റത്. മൂന്നു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റ വൈശാഖ് (11), ആര്യ (17), സുമേഷ് (15) എന്നീ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിലാലിന്റെ അമ്മ: വത്സല. സഹോദരി: ലാവണ്യ. സംസ്കാരം പിന്നീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.