തച്ചില്‍ മാത്തു തരകന്റെ 200-ാം ചരമവാര്‍ഷികം കത്തോലിക്കാ കോണ്‍ഗ്രസ് ആചരിക്കും
Wednesday, May 8, 2013 11:29 PM IST
കോട്ടയം: രാജ്യതന്ത്രജ്ഞനും ക്രിസ്തീയമൂല്യങ്ങളാല്‍ സമുദായത്തെ സേവിച്ചയാളുമായ തച്ചില്‍ മാത്തു തരകന്റെ 200-ാം ചരമവാര്‍ഷികം കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആചരിക്കുന്നു. 12ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം കേന്ദ്ര കാര്യാലയത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വാര്‍ഷികാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മാത്തു തരകനെക്കുറിച്ച് ഫാ.ജോസ് തച്ചില്‍ പ്രബന്ധം അവതരിപ്പിക്കും.

സംസ്ഥാന പ്രസിഡന്റ് ജേക്കബ് മുണ്ടക്കലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, കലാ-സാംസ്കാരികവേദി കോ-ഓര്‍ഡിനേറ്റര്‍ ടോം ജോസ് അങ്കമാലി, വിദ്യാഭ്യാസവേദി ചെയര്‍മാന്‍ പി.ഐ. ലാസര്‍മാസ്റര്‍, കാത്തലിക് ഫെഡറേഷന്‍ സെക്രട്ടറി സൈബി അക്കര, കാത്തലിക് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ.വി.എ. വര്‍ഗീസ്, ടോമിച്ചന്‍ അയ്യരുകുളങ്ങര, ബേബി പെരുമാലില്‍, പ്രഫ.ജോസുകുട്ടി ഒഴുകയില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, സാജു അലക്സ്, സെബാസ്റ്യന്‍ വടശേരി, ജിബോയിച്ചന്‍ വടക്കന്‍, ജോര്‍ജ് കൂരമറ്റം, ജോസഫ് കുര്യന്‍, ജോളി കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിക്കും.

തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണു തച്ചില്‍ മാത്തു തരകന്‍. 1742 ല്‍ തച്ചില്‍ കുടുംബത്തില്‍ അദ്ദേഹം ജനിച്ചു. ആലങ്ങാട് രാജാവിന്റെ മന്ത്രിയായി ദീര്‍ഘനാള്‍ സേവനമനുഷ്ഠിക്കുകയും പല യുദ്ധസന്ദര്‍ഭങ്ങളിലും രാജാവിനെ സഹായിക്കുകയും രാജാവില്‍നിന്ന് ഉന്നത പദവികള്‍ കരസ്ഥമാക്കുകയും ചെയ്ത തച്ചില്‍ തര്യതിന്റെ രണ്ടാമത്തെ പുത്രനായിരുന്നു മാത്തു. പിതാവു ചെറുപ്പത്തിലേ മരിച്ചു. തുടര്‍ന്നു കുടുംബം സാമ്പത്തികമായി ക്ഷയിച്ചപ്പോള്‍ മാത്തു തരകന്‍ കച്ചവടം തുടങ്ങി.


പ്രമുഖ കച്ചവടക്കാരനായി വളര്‍ന്ന മാത്തു തരകന്‍ തിരുവിതാംകൂര്‍ ഭരണാധികാരികളുമായി അടുക്കുകയും അവരുടെ വിശ്വസ്തനായിത്തീരുകയും ചെയ്തു. തിരുവിതാംകൂറിന്റെ കച്ചവടാഭിവൃത്തിക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. തിരുവിതാംകൂര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കാലത്ത് മാത്തു തരകന്‍ 15 ലക്ഷം രൂപ നല്‍കി രാജ്യത്തെ സഹായിച്ചു.

എന്നാല്‍, പിന്നീട് ദളവയായിത്തീര്‍ന്ന വേലുത്തമ്പി മാത്തു തരകനോടു കടുത്ത ശത്രുതയാണു പുലര്‍ത്തിയത്. ദളവസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ട മാത്തു തരകനെ വേലുത്തമ്പി അറസ്റ് ചെയ്തു തടവില്‍ പാര്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്തു. മഹാരാജാവ് ഈ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ തടവില്‍നിന്നു മോചിപ്പിച്ചു. വേലുത്തമ്പി പിന്നെയും തരകനെ പീഡിപ്പിച്ചു. 1814 മേടം 26ന് മാത്തു തരകന്‍ അന്തരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.