കണ്ണൂര്‍ പോലീസിന് ഇനി സൈനികര്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും
കണ്ണൂര്‍ പോലീസിന് ഇനി സൈനികര്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും
Thursday, July 19, 2012 10:31 PM IST
കണ്ണൂര്‍: പോലീസിനു പുതുതായി ലഭിച്ച ആയുധങ്ങളുടെയും മറ്റും പരീക്ഷണ പ്രയോഗം കണ്ണൂര്‍ നഗരത്തില്‍ യുദ്ധപ്രതീതി ഉളവാക്കി. നഗരമധ്യത്തിലെ പോലീസ് മൈതാനിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു പരീക്ഷണം അരങ്ങേറിയത്. വെടിയൊച്ചകളും ഗ്രനേഡുകളുടെ സ്ഫോടനശബ്ദവും കേട്ട് സംഭവമെന്തെന്നറിയാതെ നഗരവാസികള്‍ കുറച്ചുനേരത്തേക്കെങ്കിലും ആശങ്കയിലായി.

അക്രമബാധിത പ്രദേശങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും സൈനികവിഭാഗവും ഉപയോഗിക്കുന്ന അതേ സംവിധാനങ്ങളാണ് ഇപ്പോള്‍ പോലീസിനും അനുവദിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ടേക്കണ്‍പൂരിലെ ആംഡ് ഫാക്ടറിയില്‍ നിര്‍മിച്ച ശക്തിയേറിയ ഗ്രനേഡുകള്‍, ടിയര്‍ ഗ്യാസ്, സ്മോക് ഷെല്ലുകള്‍, വെടിയുണ്ടകള്‍, ആളപായം ഉണ്ടാക്കാത്തതും എന്നാല്‍ ശരീരത്തിലേറ്റാല്‍ തളര്‍ന്നു പോകുന്ന രീതിയിലുമുള്ള പ്രത്യേക റബര്‍വെടിയുണ്ടകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവയാണു പുതുതായി പോലീസിനു ലഭിച്ചത്. ഓരോ വിഭാഗത്തില്‍നിന്നും 10,000 ത്തോളം വീതം കണ്ണൂര്‍ പോലീസിനു ലഭിച്ചു.


അക്രമികളുടെ വസ്ത്രത്തില്‍ പറ്റിക്കിടക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഗ്രനേഡുകളും ഇതില്‍പ്പെടും. ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ആര്‍. നായര്‍, ജില്ലയിലെ ഡിവൈഎസ്പിമാര്‍, എആര്‍ കമാന്‍ഡന്റ്, അസി. കമാന്‍ഡന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രായോഗിക പരീക്ഷണം.

കൈവശമുള്ള ഉപകരണങ്ങളുടെ കാര്യക്ഷമതാ പരിശോധന കഴിഞ്ഞ മാസാവസാനവും ജില്ലാ പോലീസ് നടത്തിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായ വേളയില്‍ പോലീസ് പ്രയോഗിച്ച ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. ഇതേത്തുടര്‍ന്നാണു നേരത്തെ ഇവയുടെ കാര്യക്ഷമതാ പരിശോധന നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.