മൂവാറ്റുപുഴ: എംബിബിഎസ് പ്രവേശനവും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത മലയാളി ദമ്പതികള്‍ക്കെതിരേ പോലീസ് ലുക്കൌട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കോട്ടയം കല്ലറ സ്വദേശിയും ലണ്ടനിലെ ന്യൂകാസിലില്‍ താമസക്കാരുമായ തടത്തില്‍ ജോബി ജോര്‍ജിനും ഭാര്യ സുനിമോള്‍ ജോബിക്കുമെതിരേയാണു കേരളാ പോലീസ് ലുക്കൌട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ളണ്ടിലെ സര്‍വകലാശാലയില്‍ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്തു മുടവൂര്‍ സ്വദേശി ബാബു ജോര്‍ജിന്റെ മകന്‍ ജോര്‍ജ് എം. മംഗലത്തില്‍ നിന്നു രണ്ടര കോടി രൂപയും, ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദുബായില്‍ ജോലി ചെയ്യുന്ന ശ്യാമില്‍ നിന്നു 85 ലക്ഷം രൂപയും തട്ടിയെടുത്തതായാണു കേസ്.


കഴിഞ്ഞ രണ്ടു വര്‍ഷം 13 കോടി രൂപയുടെ ധന ഇടപാടുകള്‍ ദമ്പതികളുടെ പേരില്‍ ബാങ്കിലൂടെ നടന്നിട്ടുണ്ട്. ഇതാണു പോലീസിനു സംശയത്തിന് ഇടയാക്കിയത്. വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ളണ്ടിലുള്ള ഇവരെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതല്‍ തട്ടിപ്പിനിരയായവരെക്കുറിച്ച് അറിയാനാവൂ എന്നു സിഐ ഫെയ്മസ് വര്‍ഗീസ് പറഞ്ഞു. ഇമെയിലിലൂടെ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.