കോടീശ്വരൻ പൊങ്ങി, അറസ്റ്റിലായി; താൻ ബേനാമിയെന്നു മഹേഷ് ഷാ
കോടീശ്വരൻ പൊങ്ങി, അറസ്റ്റിലായി; താൻ ബേനാമിയെന്നു മഹേഷ് ഷാ
Saturday, December 3, 2016 2:07 PM IST
അഹമ്മദാബാദ്: 13,860 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നു പ്രഖ്യാപിച്ചിട്ടു മുങ്ങിയ മഹേഷ് ഷാ പണം തന്റേതല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്ത്. സിഎൻഎൻ ന്യൂസ് 18 ചാനലിന്റെ സ്റ്റുഡിയോയിൽ എത്തിയാണ് ഈ വസ്തുവ്യാപാരി ഇതറിയിച്ചത്. പോലീസ് അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

വരുമാനം വെളിപ്പെടുത്തൽ പദ്ധതിപ്രകാരം സെപ്റ്റംബർ 30 അർധരാത്രിയായിരുന്നു ആദായനികുതി വകുപ്പിനു ഡിക്ലറേഷൻ സമർപ്പിച്ചത്. തെഹ്മൂൽ സേത്ന എന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായവും ഉണ്ടായിരുന്നു. നവംബർ 30നു നികുതിബാധ്യതയുടെ നാലിലൊന്നായ 1,560 കോടി രൂപ അടയ്ക്കേണ്ടിയിരുന്നു. അതു ചെയ്യാതെ ഇയാൾ മുങ്ങി.

താൻ പലരുടെയും പണമാണ് വെളിപ്പെടുത്തിയതെന്നും ആദായനികുതി വകുപ്പിന് അവരുടെ പേര് കൈമാറുമെന്നുമാണു ഷാ പറയുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്‌ഥരുമൊക്കെയാണ് പണത്തിന്റെ ഉടമകൾ.

ഇയാളുടെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ട് ചെറിയ തുകകളേ കണ്ടുള്ളൂ. ഇയാൾ പാൽക്കാരന് 8000 രൂപയും പച്ചക്കറിക്കാരന് 5800 രൂപയും നൽകാനുണ്ടെന്നു പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.


ചില രാഷ്ട്രീയക്കാരുടെ ബേനാമിയാണ് ഇയാളെന്നും സംസാരമുണ്ട്. സാധാരണ ഓട്ടോയിലാണ് ഇയാൾ സഞ്ചരിക്കാറ്. അടുത്തകാലത്ത് ഇയാൾ മിക്കവാറും മൊബൈൽ ഫോണിൽ സംസാരിക്കുന്നതായാണു കണ്ടിരുന്നത്. സിം കാർഡുകൾ പലവട്ടം മാറി. ഇയാൾക്ക് അഞ്ചു മൊബൈൽ ഉണ്ട്. ഒരു സന്യാസിയാണ് രാഷ്ട്രീയക്കാരുമായി ഇയാളെ അടുപ്പിച്ചതെന്നും സംസാരമുണ്ട്.

മുൻ വർഷങ്ങളിൽ ഏതാനും ലക്ഷം രൂപയുടെ മാത്രം വരുമാനം കാണിച്ചിരുന്നയാളാണു ഷാ. 67 വയസുള്ള ഇയാൾ കൊടുത്തിട്ടുള്ള കൂടിയ നികുതി 2.48 ലക്ഷം രൂപയാണ്. സെപ്റ്റംബറിലവസാനിച്ച വരുമാനം വെളിപ്പെടുത്തൽ പദ്ധതിയിൽ ആകെ 65,250 കോടി രൂപയാണു വെളിപ്പെടുത്തിയത്. അതിന്റെ അഞ്ചിലൊന്നിൽ കൂടുതൽ വരും ഷായുടെ മാത്രം വെളിപ്പെടുത്തൽ. ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും ഒന്നിച്ചാണ് ചാനൽ ഓഫീസിലെത്തി ഷായെ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.