ഉഷസിനു നല്ല തിളക്കം
ഉഷസിനു നല്ല തിളക്കം
Saturday, December 3, 2016 2:38 PM IST
തേഞ്ഞിപ്പലം: പെൺകുട്ടികളുടെ 400 മീറ്ററിൽ ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ സമ്പൂർണ വിജയത്തിനാണ് കാലിക്കട്ട് സർവകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗത്തിൽ യഥാക്രമം ഉഷയുടെ ശിഷ്യമാർ സ്വർണം തൂത്തുവാരി. സബ്ജൂണിയർ വിഭാഗത്തിൽ എൽഗാ തോമസും ജൂണിയർ വിഭാഗത്തിൽ ടി. സൂര്യമോളും സീനിയർ വിഭാഗത്തിൽ അബിതാ മേരി മാനുവലുമാണ് പയ്യോളി എക്സ്പ്രസിന്റെ അഭിമാനം കാത്തത്.

സബ് ജൂണിയർ വിഭാഗത്തിൽ മത്സരിച്ച കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ എട്ടാംക്ലാസുകാരി എൽഗാ തോമസ് കടുത്ത മത്സരം അതിജീവിച്ചാണ് ഒന്നാമതെത്തിയത്. ഒരു മിനിറ്റ് 1.23 സെക്കൻഡിലാണ് എൽഗ മത്സരം പൂർത്തിയാക്കിയത്. സംസ്‌ഥാന സ്കൂൾ മീറ്റിൽ എൽഗയ്ക്ക് ഇതു രണ്ടാം ഊഴമായിരുന്നു. 400 മീറ്ററിൽ മത്സരിക്കുന്നതാവട്ടെ ആദ്യതവണയും. കഴിഞ്ഞ തവണ മത്സരിച്ച 200 മീറ്ററിൽ മെഡലൊന്നും ലഭിച്ചിരുന്നില്ല.

വയനാട് മാനന്തവാടിയിലെ അഞ്ചുതെങ്ങ് കപ്യാരുമനയിൽ വീട്ടിൽ ജോസഫിന്റെ മകളാണ് എൽഗ. ഇനി 100, 200 മീറ്ററുകളിലും എൽഗ ട്രാക്കിലിറങ്ങും. ഈയിനത്തിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ എം.പി.ലിഗ്ന ഒരു മിനിറ്റ് 1.61 സെക്കൻഡിൽ ഫിനിഷ് ചെയ്തു വെള്ളി നേടി. ഒരു മിനിറ്റ് 2.26 സെക്കൻഡിൽ ഫിനിഷ് ചെയ്ത കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിലെ മരിയാ ജോജോയ്ക്കാണ് വെങ്കലം.

എൽഗ നിർത്തിയിടത്തുനിന്നായിരുന്നു ടി. സൂര്യമോൾ തുടങ്ങിയത്. അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ സൂര്യമോൾ 57.47 സെക്കൻഡിലാണ് ഒന്നാമതായി ഓടിക്കയറിയത്. രണ്ടാമതെത്തിയ എറണാകുളം പെരുമ്പാവൂർ സെന്റ് തോമസ് ഗേൾസ് എച്ച്എസിലെ ഗൗരിനന്ദന ശക്‌തമായ മത്സരം കാഴ്ചവച്ചതിനു ശേഷമാണ് കീഴടങ്ങിയത്. 57.68 സെക്കൻഡിലാണ് ഗൗരി മത്സരം പൂർത്തിയാക്കിയത്. 58.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെ.ടി. ആദിത്യയിലൂടെ വെങ്കലവും എഎംഎച്ച്എസ് പൂവമ്പായി കൈപ്പിടിയിലൊതുക്കി. മലപ്പുറം അങ്ങാടിക്കൽ തോട്ടുങ്കൽ സ്വദേശിയായ സുബ്രഹ്മണ്യന്റെയും രജനിയുടെയും മകളായ സൂര്യമോൾ സംസ്‌ഥാന സ്കൂൾമീറ്റിൽ ജൂണിയർ തലത്തിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്. 2014ൽ സബ്ജൂണിയർ തലത്തിൽ മത്സരിച്ചപ്പോൾ 100, 200 മീറ്ററുകളിൽ വെള്ളി നേടാൻ കഴിഞ്ഞിരുന്നു. ദേശീയ സ്കൂൾ മീറ്റിൽ 200 മീറ്ററിലെ വെള്ളി സ്വർണമായി ഉയർത്താനും സൂര്യമോൾക്കായി. ഇന്റർ ചലഞ്ച് മീറ്റുകളിലും സൂര്യമോൾ മെഡൽ നേടിയിട്ടുണ്ട്. സ്വർണം നേടിയെങ്കിലും മികച്ച വ്യക്‌തിഗതസമയമായ 57.22 സെക്കൻഡ് മെച്ചപ്പെടുത്താൻ കഴിയാത്തതിന്റെ വിഷമത്തോടെയാണ് സൂര്യമോൾ ട്രാക്കുവിട്ടത്.


പി.ടി. ഉഷയുടെ തുറുപ്പുചീട്ടായ അബിതാ മേരി മാനുവലിന് എതിരാളികളേ ഇല്ലായിരുന്നു. പൂവമ്പായി എഎംഎച്ച്എസിലെ 12–ാം ക്ലാസ് വിദ്യാർഥിനിയായ അബിതയുടെ അവസാന സംസ്‌ഥാന സ്കൂൾ മീറ്റായിരുന്നു ഇത്. 2014ൽ 800 മീറ്ററിൽ സംസ്‌ഥാന, ദേശീയ സ്കൂൾ മീറ്റുകളിൽ സ്വർണം നേടിയ അബിത 400 മീറ്ററിൽ ആദ്യമായാണ് ട്രാക്കിലിറങ്ങിയത്. 56.02 സെക്കൻഡിൽ അബിത ഫിനിഷിംഗ് വര പിന്നിട്ടു. ഇനി ഇഷ്‌ട ഇനങ്ങളായ 800, 1500 മീറ്ററുകളിലും അബിത മത്സരിക്കും. കോഴിക്കോട് കല്ലാനോട് അകമ്പടിയിൽ മാനുവലിന്റെയും ബീനയുടെയും മകളാണ് അബിത. രണ്ടാമതെത്തിയ കോതമംഗലം സെന്റ് ജോർജ് സ്കൂളിന്റെ ശാലിനി വി. കെ. 58.07 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്. 58.58 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പാലക്കാട് കുമരംപുത്തൂർ കെ.എച്ച്.എസിന്റെ അനില. എ. വേണു വെങ്കലം സ്വന്തമാക്കി.

മത്സരശേഷം ശിഷ്യകളെ പി.ടി. ഉഷ മാറോടു ചേർത്ത് അഭിനന്ദിച്ചു. രാജ്യാന്തര താരം ജിസ്ന മാത്യുവിനെ പങ്കെടുപ്പിച്ചിരുന്നെങ്കിൽ ഒരു മെഡൽ കൂടി ഉറപ്പാകുമായിരുന്നെന്നും എന്നാൽ ലക്ഷ്യം വെറുമൊരു മെഡൽ മാത്രമല്ലാത്തതിനാൽ ജിസ്നയെ ഒഴിവാക്കുകയായിരുന്നുവെന്നും ഉഷ പറഞ്ഞു.

അജിത് ജി. നായർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.