ആറാമതും നിഷ കനകമയം
ആറാമതും നിഷ കനകമയം
Saturday, December 3, 2016 2:34 PM IST
തേഞ്ഞിപ്പലം: പാലക്കാട് പറളി എച്ച്എസ്എസിലെ നിഷയ്ക്ക് ഇത് സുവർണ നേട്ടം. തേഞ്ഞിപ്പലത്തു നടക്കുന്ന സംസ്‌ഥാന സ്കൂൾ കായികോത്സവത്തിൽ ആറാമതും സ്വർണം നേടിയിരിക്കുകയാണ് ഈ പാലക്കാട്ടുകാരി. സീനിയർ ഡിസ്കസ്ത്രോയിൽ തുടർച്ചയായി ആറാം തവണയാണ് ഈ മിടുക്കി സ്വർണം നേടിയത്. 34.87 മീറ്റർ കണ്ടെത്തിയാണ് നിഷ സ്വർണം നേടിയത്.

പറളിയുടെ ഇത്തവണത്തെ ആദ്യ സ്വർണമാണിത്. പ്ലസ്ടു വിദ്യാർഥിനിയായ നിഷയുടെ അവസാന സ്കൂൾ കായികമേള കൂടിയാണ് മലപ്പുറത്തേത്. വിശാലമായ പറളി സ്കൂൾ മൈതാനത്തെ പരിശീലനം ഫലം ചെയ്തുവെന്നു നിഷ പറയുന്നു. രാവിലെയും വൈകുന്നേരവും കായികാധ്യാപകൻ പി.ജി. മനോജിന്റെ കീഴിലായിരുന്നു പരിശീലനം. റവന്യൂജില്ലയിൽ 33.20 മീറ്റർ ദൂരം ആയിരുന്നു നിഷയുടേത്. പഠനത്തിലും വളരെ ശ്രദ്ധ ചെലുത്തുന്നുണ്ടു ഈ മിടുക്കി. നേരത്തെ 100, 200 മീറ്ററിലായിരുന്നു നിഷ ശ്രദ്ധിച്ചിരുന്നത്. പിന്നീടത് മാറി. തുടർന്നു ഹാമർ ത്രോയിൽ ശ്രദ്ധ ചെലുത്തി. ഇത്തവണയും ഹാമർത്രോയിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം മൂന്നാംസ്‌ഥാനം നേടിയിരുന്നു ഈയിനത്തിൽ. പറളിക്കടുത്ത് എടത്തറ സി ഞ്ജു മൻസിലിൽ കുട്ടിനാരായണന്റെയും സലിക്കത്ത് ബീവിയുടെയും മകളാണ്. പറളി സ്കൂളിനെ ഇത്തവണ ആദ്യ സ്വർണമണിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നു നിഷ പറഞ്ഞു. കൂടുതൽ മികവോടെ പരിശീലനം നേടാനാണ് ഇനി ഉദ്ദേശിക്കുന്നത്. സഹോദരൻ ഷാജഹാൻ നേരത്തെ ക്രോസ്കൺട്രിയിൽ കഴിവു തെളിയിച്ച താരമാണ്. ഇപ്പോൾ പാലക്കാട്ട് ബിടെക് വിദ്യാർഥിയാണ്. അതേസമയം കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സ്വർണമണിഞ്ഞത് പറളി സ്കൂളായിരുന്നു. 12 സ്വർണവും ആറു വെള്ളിയും എട്ടു വെങ്കലുമാണ് പറളി നേടിയത്. സ്കൂൾ മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് പറളിയുടെ നേട്ടത്തിനു കാരണമെന്നു കായികാധ്യാപകൻ മനോജ് പറയുന്നു.


വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.