നോക്കിയ വരും, ഫെബ്രുവരിയിൽ
നോക്കിയ വരും, ഫെബ്രുവരിയിൽ
Friday, December 2, 2016 1:25 PM IST
ഹെൽസിംഗി(ഫിൻലൻഡ്): നോക്കിയ എന്ന പേര് പലർക്കും ഒരു നൊസ്റ്റാൾജിയ ഫീലാണ് നല്കുക. മൊബൈൽ ഫോൺ യുഗത്തിലേക്ക് 20–ാം നൂറ്റാണ്ടിനെ പിച്ചവച്ചു നടത്തിയ നോക്കിയയെ അങ്ങനെയൊന്നും ആർക്കും മറക്കാൻ കഴിയില്ല. പിന്നീട് എത്ര മൊബൈൽ കമ്പനികൾ രംഗത്ത് വന്നെങ്കിലും നോക്കിയയ്ക്കു ലഭിച്ച സ്വീകാര്യതയൊന്നും അവയ്ക്കു ലഭിച്ചിട്ടില്ലെന്നു പറയേണ്ടിവരും.

ഫീച്ചർ ഫോണിൽ ജനപ്രീതി നേടിയെങ്കിലും സ്മാർട്ട്ഫോണുകളിൽ അത്ര മെച്ചപ്പെട്ട പ്രകടനം നടത്താൻ നോക്കിയയ്ക്കു കഴിഞ്ഞിരുന്നില്ല. മൈക്രോസോഫ്റ്റ് നോക്കിയയെ വാങ്ങിയെങ്കിലും ആരാധകരുടെ ആവശ്യപ്രകാരം വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും നോക്കിയ അവതരിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായെങ്കിലും കാത്തിരിപ്പ് നീളുകയായിരുന്നു. 2017 ഫെബ്രുവരിയിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പുതിയ നോക്കിയ ഫോണുകൾ വിപണിയിലെത്തും. ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബൽ ഓയ് നോക്കിയയുടെ ഫോൺ ബിസിനസ് അടുത്ത പത്തു വർഷത്തേക്ക് ഏറ്റെടുത്തു. എച്ച്എംഡി തന്നെയാണ് ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നു പ്രഖ്യാപനം നടത്തിയതും. ഫെബ്രുവരി 27 മുതൽ മാർച്ച് രണ്ടു വരെ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വലിയ പ്രഖ്യാപനമുണ്ടാകുമെന്നും കമ്പനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.