ഇറ്റലിയിൽ ഇന്നു ഹിതപരിശോധന; പ്രധാനമന്ത്രി റെൻസിക്കു നിർണായകം
ഇറ്റലിയിൽ ഇന്നു ഹിതപരിശോധന; പ്രധാനമന്ത്രി റെൻസിക്കു നിർണായകം
Saturday, December 3, 2016 1:45 PM IST
റോം: ഇറ്റലി ഇന്നു ജനഹിതം രേഖപ്പെടുത്തുന്നു. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അധികാരങ്ങൾ ചുരുക്കുക, സെനറ്റ് ഘടന മാറ്റുക, പ്രാദേശിക–പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവൺമെന്റിലാക്കുക എന്നീ നിർദേശങ്ങളിലാണു ജനഹിത പരിശോധന.

ബ്രിട്ടനിൽ യൂറോപ്യൻ യൂണിയനിൽനിന്നു മാറാനും (ബ്രെക്സിറ്റ്) അമേരിക്കയിൽ പരമ്പരാഗത രാഷ്ര്‌ടീയക്കാരനല്ലാത്ത ട്രംപിനെ തെരഞ്ഞെടുക്കാനും ജനം തയാറായതുപോലെ ഇറ്റലിയിലും മാറ്റത്തിനു വഴിതുറക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇടംചായ്വുള്ള മധ്യവർത്തി പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ പ്രധാനമന്ത്രി മാറ്റെയോ റെൻസിയാണു ഹിതപരിശോധനയ്ക്കു മുൻകൈയെടുത്തത്. ഫ്ളോറൻസുകാരനായ അദ്ദേഹം മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളിപ്പോയാൽ റെൻസി രാജിവയ്ക്കും. 1948 ൽ ഭരണഘടന സ്വീകരിച്ചശേഷമുള്ള 60–ാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. റെൻസി രാജിവച്ചാൽ പ്രഥമസാധ്യത പൊതുതെരഞ്ഞെടുപ്പിനാണ്.

രണ്ടാഴ്ച മുമ്പുവരെയുള്ള അഭിപ്രായ വോട്ടെടുപ്പിൽ റെൻസിയുടെ നിർദേശങ്ങൾ തള്ളപ്പെടും എന്നാണു കാണുന്നത്. പ്രവാസികളും മറ്റും അഭിപ്രായ വോട്ടെടുപ്പിൽ ഇല്ല. ഹിതപരിശോധനയിൽ അവരുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ജനഹിതം മാറിയെന്നും വരാം.


റെൻസിയുടെ പാർട്ടിയും സഖ്യകക്ഷികളും ബിസിനസ് സമൂഹവും റെൻസിവച്ച പരിഷ്കാരങ്ങളെ അനുകൂലിക്കുന്നു. പ്രതിപക്ഷം മുഴുവൻ എതിരാണ്. സിൽവിയോ ബെർലുസ് കോണിയുടെ യാഥാസ്‌ഥിതിക കക്ഷി ഫോഴ്സാ ഇറ്റാലിയ, ജനപ്രിയ നീക്കങ്ങളുടെ പാർട്ടി ഫൈവ്സ്റ്റാർ മൂവ്മെന്റ്, തീവ്രവലതുപക്ഷമായ നോർതേൺ ലീഗ് എന്നിവ. റെൻസിയുടെ പാർട്ടിക്കാരനായ മുൻ പ്രധാനമന്ത്രി മാസിമോ ഡി അലേയും എതിരാണ്.

പരാജയപ്പെട്ടാൽ റെൻസി രാജിവയ്ക്കും. ചിലപ്പോൾ ധനമന്ത്രി പീയർ കാർലോ പാഡോവൻ പ്രധാനമന്ത്രി ആയേക്കാം.

ഹിതപരിശോധനയിൽ ജയിച്ചാൽ റെൻസിയുടെ രാഷ്ര്‌ടീയബലം ഇരട്ടിക്കും. 41 കാരനായ അദ്ദേഹം വിദ്യാഭ്യാസ, നിയമ, ഭരണ മേഖലകളിലും പരിഷ്കാരങ്ങൾക്കു തുടക്കമിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.