ഇന്നലെ ട്രഷറിയിൽ എത്തിയത് കുറച്ചു പേർ മാത്രം
Saturday, December 3, 2016 2:25 PM IST
തിരുവനന്തപുരം: ശമ്പളവും പെൻഷനും വാങ്ങാൻ ഇന്നലെ ട്രഷറികളിലെത്തിയവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്നലെ എത്തിയവരിൽ ഭൂരിഭാഗം പേർക്കും പെൻഷനും ശമ്പളവും വിതരണം ചെയ്യാൻ കഴിഞ്ഞതായി ട്രഷറി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത തിരക്കു കണ്ടാണു പലരും ട്രഷറിയിൽ എത്താൻ മടിച്ചതെന്നു കരുതുന്നു.

ട്രഷറികൾ ആവശ്യപ്പെട്ടിരുന്ന 85.74 കോടി രൂപയിൽ 66.19 കോടി രൂപ ബാങ്കുകൾ ഇന്നലെ നൽകി. മൂന്നു ജില്ലകളിൽ ആവശ്യപ്പെട്ട മുഴുവൻ തുകയും വിതരണം ചെയ്തു. കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകൾ ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകി. തിരുവനന്തപുരം ജില്ല ചോദിച്ചിരുന്ന 10.42 കോടിയിൽ 10.17 കോടി രൂപയും നൽകി. മലപ്പുറത്ത് ആവശ്യപ്പെട്ട തുകയുടെ മൂന്നിലൊന്നു മാത്രമാണു നൽകിയത്. മലപ്പുറം 9.52 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ വിതരണം ചെയ്തതാകട്ടെ 3.72 കോടി രൂപയും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ആവശ്യപ്പെട്ട തുകയിലും കുറഞ്ഞ സംഖ്യയാണു വിതരണം ചെയ്തത്.ഇന്നലെ 29,139 പെൻഷൻകാർ മാത്രമാണു ട്രഷറിയെ സമീപിച്ചത്. 5,033 ജീവനക്കാരും ട്രഷറിയിലെത്തി ശമ്പളം കൈപ്പറ്റി. കഴിഞ്ഞ ദിവസം അര ലക്ഷത്തോളം പേരാണു ട്രഷറികളിൽ ഇടപാടിനായി എത്തിയത്. എസ്ബിടി ഇന്നലെ 50.33 കോടിയും എസ്ബിഐ 14.84 കോടിയും കാനറ ബാങ്ക് 1.01 കോടി രൂപയും ഇന്നലെ വിതരണംചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ബാങ്കുകളിലെത്തിയ തുക ശാഖകൾക്ക് ഇന്നലെ വിതരണം ചെയ്തു. ആവശ്യാനുസരണം ട്രഷറികൾക്കും നൽകും. എസ്ബിടിയിൽ എത്തിയ 210 കോടിയിൽ 130 കോടി രൂപ ട്രഷറി ആവശ്യത്തിനായി മാറ്റിവച്ചിരിക്കുകയാണ്. ബാക്കി തുകയാണ് ബാങ്ക് ശാഖകൾക്കു കൈമാറിയത്. ഇതിൽനിന്ന്എടിഎമ്മുകളിൽ നിറയ്ക്കും.


എസ്ബിഐക്കും കഴിഞ്ഞ ദിവസം 248 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ശാഖകൾ വഴിയുള്ള ഇടപാടുകൾക്കായി നീക്കിവയ്ക്കും.

അടുത്ത ആഴ്ച വീണ്ടും പണമെത്തിയില്ലെങ്കിൽ ബാങ്കുകളും ട്രഷറിയും പ്രതിസന്ധിയിലാകും. റിസർവ് ബാങ്കിന്റെ തിരുവനന്തപുരം റീജണൽ ഓഫീസിനു പുതിയ നോട്ടുകൾ ഇന്നലെ എത്തിച്ചിട്ടില്ല. അടുത്ത ആഴ്ച ആദ്യ പ്രവൃത്തി ദിവസങ്ങളിൽ പണമെത്തുമെന്നാണു കണക്കാക്കുന്നത്. പുറത്തേക്കു പോകുന്ന നോട്ടുകൾ തിരിച്ചു ബാങ്കിലെത്താത്തതാണു പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. പണം ലഭിക്കുമോ എന്ന ഭീതിയിൽ ജനങ്ങൾ നോട്ടുകൾ കൈയിൽ കരുതുന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണു ബാങ്ക് അധികൃതർ നൽകുന്ന വിവരം.

ട്രഷറികൾ ആവശ്യപ്പെട്ട തുകയും ഇന്നലെ ലഭിച്ച തുകയും ജില്ലാ അടിസ്‌ഥാനത്തിൽ: (കോടിയിൽ)

തിരുവനന്തപുരം–10.42– 10.17.

കൊല്ലം– 10.76– 8.93

പത്തനംതിട്ട– 4.30– 2.84.

ആലപ്പുഴ– 6.00– 3.74.

കോട്ടയം– 5.05– 4.75.

ഇടുക്കി– 2.11– 2.11.

എറണാകുളം– 6.48– 6.19.

തൃശൂർ– 7.82– 6.43.

പാലക്കാട്– 6.70– 4.40.

മലപ്പുറം– 9.52– 3.72.

കോഴിക്കോട്– 8.77– 6.34.

വയനാട്(ലക്ഷത്തിൽ)–35.00– 35.00.

കണ്ണൂർ– 5.53– 4.26.

കാസർഗോഡ്– 1.92– 1.92.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.