കണ്ണൂർ: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്.
കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വന്‍കിട പദ്ധതികൾ ഒന്നും തന്നെയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചു. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്.
പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബര്‍, നെല്ല്, നാളികേര കൃഷികള്‍ക്കും പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല.
ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.