ന്യൂഡൽഹി: 2025 ലെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ഇടത്തരക്കാർക്ക് വലിയ നേട്ടമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സാധാരണയായി, ബജറ്റിന്റെ ശ്രദ്ധ സർക്കാർ ഖജനാവ് എങ്ങനെ നിറയ്ക്കുമെന്നതിലാണ്. എന്നാൽ ഈ ബജറ്റ് അതിനു നേർ വിപരീതമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ആണവോർജത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ബജറ്റിൽ എല്ലാ തൊഴിൽ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് കാര്യമായ സാധ്യതകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നികുതി ഇളവ് നടപടികൾ മധ്യവർഗത്തിനും ശമ്പളക്കാർക്കും ഗണ്യമായി ഗുണം ചെയ്യുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് നിക്ഷേപം വർധിപ്പിക്കുകയും രാജ്യത്തെ ‘വിക്ഷിത് ഭാരത്’ ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഈ ബജറ്റ് ശക്തി വർധിപ്പിക്കുന്നതാണ്. ഈ ബജറ്റ് സമ്പാദ്യം, നിക്ഷേപം, ഉപഭോഗം എന്നിവ വേഗത്തിൽ വർധിപ്പിക്കും. ഈ ജനങ്ങളുടെ ബജറ്റിന് ധനമന്ത്രി നിർമല സീതാരാമനെയും അവരുടെ മുഴുവൻ സംഘത്തെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.