കോഴിക്കോട്: കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്നു കണ്ടെത്തിയത്.
ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷം രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായെന്ന് കാണിച്ച് കുടുംബമാണ് പോലീസിൽ പരാതി നൽകിയത്. നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.
കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു.
ലോക്കല്‍ പോലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും രജിത് കുമാറിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും തുഷാരയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.