തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ സർക്കാർ നിർദേശം നൽകി. ഡിജിപി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിർണായക തീരുമാനം.
കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടാനാണ് നീക്കം. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടു കൂടി മാത്രമേ തുടരന്വേഷണവുമായി മുന്നോട്ടു പോകാനാകൂ. ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി - ഡിജിപി കൂടിക്കാഴ്ചയിൽ തീരുമാനമായി. നേരത്തേ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ സംഘം തന്നെ തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തും.
പുതിയ മൊഴി സതീഷ് അന്വേഷണസംഘത്തിനു മുന്നിൽ ആവർത്തിക്കുകയാണെങ്കിൽ ഇക്കാര്യം കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആറ് ചാക്കുകളിലായി ബിജെപി ഓഫീസിൽ പണം എത്തിയെന്നാണ് സതീഷിന്റെ വെളിപ്പെടുത്തൽ.
പണം വരുന്നതിന് രണ്ടാഴ്ച മുമ്പ് മുഖ്യപ്രതി ധര്മരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെയും സന്ദര്‍ശിച്ചിരുന്നുവെന്ന് സതീഷ് പറഞ്ഞിരുന്നു.