സംസാരകേൾവി ശേഷി കുറഞ്ഞവർക്ക് മാത്രമായി ഫൈൻ ആർട്സിലും ഏർലി ചൈൽഡ്ഹുഡ് കാലത്തുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള സ്പെഷൽ ടീച്ചർ പരിശീലനം നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അത് ഏതൊക്കെയാണ്? ഈ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ ഏതൊക്കെയാണ്? അവയെക്കുറിച്ചൊന്നു വിശദീകരിക്കാമോ?
സെലീന ജോസ്, വാകത്താനം
ഭിന്നശേഷിക്കാരായ കുട്ടികളിൽ സംസാരകേൾവി ശേഷി കുറഞ്ഞവർക്കു മാത്രമായി വ്യത്യസ്ത ഉപരിപഠന തൊഴിൽ അനുബന്ധ പ്രോഗ്രാമുകളിലൂടെ ഉപരിപഠനവും പ്രായോഗിക പരിശീലനവും നൽകുന്ന രാജ്യത്തെതന്നെ ആദ്യത്തെ സ്ഥാപനങ്ങളിലൊന്നാണ് തിരുവനന്തപുരം ഉള്ളൂരിനടുത്തുള്ള നിഷ്. (National Institute of Speech & HearingNISH) കേൾവിയും സംസാരശേഷിയും കുറഞ്ഞ് ജീവിത വെല്ലുവിളികൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ഈ പരിമിതിയെ അതിജീവിക്കുന്നതിനാവശ്യമായ ചികിത്സയും പരിശീലനവും നൽകുന്നതിന് നിഷ് വ്യത്യസ്ത മേഖലകളിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്.
കേൾവിയും സംസാര ശേഷിയും കുറഞ്ഞവർക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാനായി കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിഷ്. സംസാരകേൾവി ശേഷി കുറഞ്ഞവർക്കു മാത്രമായി ബിരുദ കോഴ്സുകൾ രാജ്യത്ത് ആദ്യം ആരംഭിച്ചത് നിഷാണ്. ചോദ്യകർത്താവ് ചോദിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠിക്കാനുള്ള ഫൈൻ ആർട്സ് പ്രോഗ്രാമും ഏർലി ചൈൽഡ്ഹൂഡിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരെ പരിശീലിപ്പിച്ചെടുക്കുന്നതിനുള്ള ഒരു പ്രോഗ്രാമും നിഷ് ഓഫർ ചെയ്യുന്നുണ്ട്.
1) ബാച്ലർ ഓഫ് ഫൈൻ ആർട്സ് (എച്ച്ഐ): പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്ന കോഴ്സ് 10 സെമസ്റ്ററുകളിലായി അഞ്ചുവർഷമാണ്. കേരള സർവകലാശാലയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഹയർ സെക്കൻഡറിയോ തത്തുല്യ പരീക്ഷയോ വിജയിച്ച എച്ച്ഐ വിഭാഗക്കാർക്കാണ് പ്രവേശനം. 30 സീറ്റാണുള്ളത്.
2) ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എജുക്കേഷൻ (എച്ച്ഐ): റീഹാബിലിറ്റേഷൻ കൗണ്സിൽ ഓഫ് ഇന്ത്യയുടെ ഡിപ്ലോമ കോഴ്സാണിത്. കേൾവിസംസാര ശേഷിയുമായി വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്നതിന് യോഗ്യരായ നിരവധി അധ്യാപകരെ ആവശ്യമുണ്ട്. ആ കുറവ് പരിഹരിക്കാൻ ഈ കോഴ്സ് സഹായിക്കുമെന്നാണ് കരുതുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആർസിഐയാണ് നൽകുന്നത്. പരീക്ഷ നടത്തുന്നത് മുംബൈയിലെ അലിയവാർ ജങ് ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ്. ജൂലൈ മുതൽ മേയ് വരെ നീളുന്ന ഒരു വർഷമാണ് കോഴ്സ് കാലാവധി. ബിരുദമാണ് അടിസ്ഥാനയോഗ്യത. പരിമിതമായ സീറ്റുകൾ മാത്രമേ ഈ പ്രോഗ്രാമിനും ലഭ്യതയുള്ളൂ.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നിഷിന്റെ
വിലാസം താഴെ കൊടുക്കുന്നു
NISH, Ullurakkulam Road, Steekariyam PO, Thiruvananthapuram 695 017
Phone:04713066666, 2596919.
വെബ്സൈറ്റ്: www.nish.ac.in
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് (bu.mgu@gmail.com)