ഞാൻ കേരള സർവകലാശാലയിൽനിന്ന് എംഎ ഇംഗ്ലീഷ് 60 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥിയാണ് എനിക്കിനി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ ഹിസ്റ്ററിയിൽ ഒരു ബിരുദം ഒരു വർഷം കൊണ്ട് എഴുതി എടുക്കാൻ കഴിയുമോ?
രാധാകൃഷ്ണൻ, മുതുകുളം
കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള നിങ്ങൾക്ക് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഒരു വർഷം കൊണ്ട് അഥവാ സിംഗിൾ സിറ്റിംഗിൽ മറ്റൊരു ബിരുദാനന്തരബിരുദം നേടാൻ കഴിയില്ല.
മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഒരു വർഷം കൊണ്ട് ബിരുദാനന്തരബിരുദം നേടണമെങ്കിൽ ആ സർവകലാശാലയിൽനിന്നു തന്നെ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടാകണം. താങ്കളുടെ കാര്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയതിനാൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു ബിരുദാനന്തര ബിരുദം നേടുന്നതിന് രണ്ടു വർഷത്തെ പഠനകാലം വേണ്ടിവരും.
ഞാൻ ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ ബിഎസ്സി ഫിസിക്സ് മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയാണ്. പഠനത്തിനുശേഷം എംഎസ്സി പഠനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റിൽ ചെയ്യാൻ ആഗ്രഹിക്കുന്നു. അതിലേയ്ക്ക് പ്രവേശനം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിലെ പ്രവേശനം എങ്ങനെയാണ്?
അഭിലാഷ് ജോസഫ്, വളാഞ്ചേരി
മഹാത്മാഗാന്ധി സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകളിലേക്ക് (ഫിസിക്സ് അടക്കമുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്ക്) വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനായി സർവകലാശാല സിഎടി (കോമൺ അഡ്മിഷൻ ടെസ്റ്റ്) എന്ന പേരിൽ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ആ പ്രവേശന പരീക്ഷയിൽ നിശ്ചിതമായ മാർക്ക് നേടുന്നവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് തയാറാക്കുകയും ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന കുട്ടികളെ ഇന്റർവ്യൂ നടത്തിയുമാണ് പ്രവേശനം നടത്തുന്നത്.
എന്നാൽ, മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളജുകൾ അല്ലാത്ത മുഴുവൻ കോളജുകളിലേക്കും എംഎസ്സി ഫിസിക്സ് അടക്കമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു പ്രവേശനം നൽകുന്നതിന് സർവകലാശാല നടത്തുന്ന കോമണ് അഡ്മിഷൻ പ്രോസസ് ഇന്ന് ഏകജാലക പ്രോഗ്രാമിലൂടെയാണ്. സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളജുകളിലേക്ക് കോളജുകൾ തന്നെ അപേക്ഷ ക്ഷണിച്ചാണ് പ്രവേശനം നടത്തുന്നത്.
അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ് (bu.mgu@gmail.com)