ഫാഷൻ രൂപകൽപ്പനയും അവതരണവും മാത്രമല്ല വിപണനവും പുതുതലമുറയ്ക്കു മുന്നിൽ അവസരങ്ങളുടെ അക്ഷയ ഖനിയാണ് തുറന്നു തരുന്നത്. ഇതേക്കുറിച്ച് ഇനി പരിശോധിക്കാം.
അപ്പാരൽ പ്രൊഡക്ഷൻ: ഉടയാടകളുടെ നിർമാണം മാത്രമല്ല ഫാഷനുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളുടെ നിർമിതിയുമായി ബന്ധപ്പെട്ട മേഖലയാണിത്. കൂടുതൽ തൊഴിലവസരങ്ങൾ തരുന്ന മേഖലയായതുകൊണ്ട് ഗാർമെന്റ്, ക്രാഫ്റ്റ് പ്രൊഡക്ഷൻ വേറിട്ടു നിൽക്കുന്നു എന്നു മാത്രം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബിഎഫ്ടെക്), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എംഎഫ്ടെക്) കോഴ്സുകൾ നടത്തുന്നുണ്ട്. മറ്റു പ്രമുഖ സ്ഥാപനങ്ങളിലും സമാന സ്വഭാവമുള്ള കോഴ്സുകളുണ്ട്.
ഫാഷൻ മാനേജ്മെന്റ്: ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫാഷൻ തരംഗം വ്യാപിച്ചതോടെ ഫാഷൻ മാനേജ്മെന്റ് അനുനിമിഷം വളരുന്ന ഒരു മേഖലയായിക്കഴിഞ്ഞു. കൂടാതെ വിപണന തന്ത്രങ്ങളും മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഈ രംഗത്ത് വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുന്നവർക്കു ശോഭിക്കാം. താത്പര്യമുള്ളവരെ ഇതിനു പ്രാപ്തരാക്കുന്ന മികച്ച കോഴ്സാണ് എൻഐഎഫ്ടിയുടെ മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് പ്രോഗ്രാം. എൻഐഎഫ്ടിയുടെ ഏറ്റവും പ്രമുഖ പ്രോഗ്രാമുകളിലൊന്നാണിത്. രാജ്യത്തെ പ്രമുഖ ഫാഷൻ ചെയിനുകളുടെ തലപ്പത്ത് ഇവിടെ നിന്നും പഠിച്ചിറങ്ങിയവരാണു തിളങ്ങി നിൽക്കുന്നത്.
നിഫ്റ്റ് പ്രവേശനത്തിനു ഒരുങ്ങാം
കണ്ണൂരിലേതുൾപ്പടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) യുടെ കോഴ്സുകളിലേക്ക് ഡിസംബർ 29 വരെ അപേക്ഷിക്കാം.രാജ്യവ്യാപകമായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്രവേശന പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന് ഇനി പരിശോധിക്കാം.ഫാഷൻ ടെക്നോളജി, മാനേജ്മെന്റ് കോഴ്സുകൾക്ക് ജനറൽ എബിലിറ്റി ടെസ്റ്റ് (ജിഎടി) നടത്തിയാണ് എൻഐഎഫ്ടി മികവ് അളക്കുന്നത്. അഞ്ചു വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേറ്റീവ് എബിലിറ്റി ആൻഡ് ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, അനലിറ്റിക്കൽ ആൻഡ് ലോജിക്കൽ എബിലിറ്റി, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ്, കേസ് സ്റ്റഡി.
ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി: ഗണിത ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ, ശതമാനം, പലിശ നിരക്ക്, റേഷ്യോ, പ്രപ്പോഷൻ, ഡിസ്റ്റൻസ്, വർക്ക് ആൻഡ് ടാസ്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. എൻസിആർടിഇയുടെ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ മനസിരുത്തി പഠിച്ചാൽ ഈ കടന്പ കടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
കമ്യൂണിക്കേറ്റീവ് എബിലിറ്റി ആൻഡ് ഇംഗ്ലീഷ് കോംപ്രിഹെൻഷൻ: ദൈനംദിന കാര്യങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുള്ള ഇംഗ്ലീഷ് പരിജ്ഞാനം അളക്കുകയാണ് ഉദ്ദേശിക്കുന്നത്. 45 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പര്യായ പദം, വിപരീത പദം, ഇഡിയംസ്, ഫ്രേസസ്, കോംപ്രിഹെൻഷൻ, വാക്കുകളിലെ അക്ഷരത്തെറ്റ് കണ്ടുപിടിക്കൽ, വിട്ടഭാഗം കൂട്ടിച്ചേർക്കൽ, വൺ വേഡ് സബ്സ്റ്റിറ്റ്യൂഷൻ എന്നിവയിൽ നിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങൾ ഉണ്ടായിരിക്കുക.
അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ എബിലിറ്റി: തന്നിരിക്കുന്ന സാഹചര്യങ്ങൾ വിശകലനം ചെയ്ത് യുക്തിസഹമായ നിഗമനങ്ങളിലെത്തുന്നതിനുള്ള കഴിവാണു പരീക്ഷിക്കപ്പെടുക. 25 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ജനറൽ നോളജ്, കറന്റ് അഫയേഴ്സ്: പൊതുവിജ്ഞാനത്തിലും കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലുമുള്ള അറിവ് ആണ് അളക്കുക. 25 ചോദ്യങ്ങൾ.
കേസ് സ്റ്റഡി: 25 ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വ്യവസായവുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ കാര്യങ്ങൾ വിലയിരുത്താനുള്ള ശേഷി അളക്കുന്ന രീതി യിലുള്ളതായിരിക്കും ചോദ്യങ്ങൾ.പ്രവേശന പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യുവിനും ക്ഷണിക്കും. ബിരുദ കോഴ്സിന് ഇതു ബാധകമല്ല.
ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യുവും: കേസ് സ്റ്റഡിയെ ആധാരമാക്കിയാണ് ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യുവും നടത്തുക. 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുണ്ടായിരിക്കും. നേതൃപാടവം, ആശയ വിനിമയം, വസ്തുതാപരമായ അറിവ്, വിഷയത്തിലുള്ള ഗ്രാഹ്യം എന്നിവ വിദഗ്ധരുടെ പാനൽ വിലയിരുത്തിയാണു മാർക്ക് ഇടുക. തെരഞ്ഞെടുക്കുന്ന മേഖലയിലുള്ള പരിജ്ഞാനം, കോഴ്സിനോടുള്ള ആഭിമുഖ്യം, വ്യക്തിത്വം എന്നിവ പരിശോധിക്കുന്നതിനാണു ഇന്റർവ്യു നടത്തുന്നത്. ബി ഡിസൈൻ, എം ഡിസൈൻ പ്രോഗ്രാമുകൾക്കും ജനറൽ എബിലിറ്റി ടെസ്റ്റ് നടത്തുന്നുണ്ട്. മുകളിൽ പറഞ്ഞ അഞ്ചു ഘട്ടങ്ങളായി വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (ക്യാറ്റ്): ഡിസൈൻ കോഴ്സുകൾക്കാണു ക്യാറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. വർണങ്ങളും വരകളും ചേർത്ത് സർഗാത്മക സൃഷ്ടി നടത്താനുള്ള കഴിവാണ് ക്യാറ്റിൽ പരീക്ഷിക്കപ്പെടുക.
സിറ്റുവേഷൻ ടെസ്റ്റ്: ബി ഡിസൈൻ കോഴ്സിന് എഴുത്തു പരീക്ഷയിൽ ശോഭിക്കുന്നവർ സിറ്റുവേഷൻ ടെസ്റ്റിൽ പങ്കെടുക്കണം. ഫാഷൻ ഡിസൈനിംഗുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലെ നൈപുണ്യം അളക്കുകയാണ് ഉദ്ദേശം. ദൃശ്യാവിഷ്കാരം, സർഗാത്മകത, വർണം വൈവിധ്യം, അവതരണം എന്നിവയിലുള്ള പരിജ്ഞാനം വിശദീകരിച്ച് ഇംഗ്ലീഷിൽ കുറിപ്പ് എഴുതുകയും വേണം.
തൊഴിലധിഷ്ഠിത കോഴ്സുകളുമായി എടിഡിസി
വസ്ത്ര നിർമാണ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ പരിശീലകരായ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്ററും (എടിഡിസി) തൊഴിലധിഷ്ഠിത ഫാഷൻ കോഴ്സുകൾ നടത്തുന്നുണ്ട്. ബിവോക്: അപ്പാരൽ മാനുഫാക്ചറിംഗ് ആൻഡ് എന്റർപ്രണർഷിപ്, ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ എന്നിവയിൽ മൂന്നു വർഷത്തെ ബിവോക് കോഴ്സാണ് പ്രധാനം. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അഡ്വാൻസ്ഡ് ഡിപ്ലോമ: അഡ്വാൻസ്ഡ് അപ്പാരൽ മാനുഫാക്ചറിം ഗ്, അഡ്വാൻസ്ഡ് ഫാഷൻ ഡിസൈനിംഗ് കോഴ്സുകളുടെ കാലാവധി ഒരു വർഷമാണ്. പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം.
ഡിപ്ലോമ: അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി, ഫാഷൻ ഡിസൈൻ ടെക്നോളജി, അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി -അഡ്വാൻസ്ഡ്, അപ്പാരൽ പാറ്റേണ് മേക്കിംഗ്, ടെക്സ്റ്റൈൽ ഡിസൈൻ ടെക്നോളജി എന്നിവയിലാണു ഡിപ്ലോമ കോഴ്സുകൾ. കാലാവധി ഒരു വർഷം. പ്ലസ്ടുവാണു യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സ്: അപ്പാരൽ പാറ്റേണ് മേക്കിംഗ് ബേസിക്, അപ്പാരൽ പ്രൊഡക്ഷൻ സൂപ്പർവിഷൻ ആൻഡ് ക്വാളിറ്റി കണ്ട്രോൾ, അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി, അപ്പാരൽ എക്സ്പോർട്ട് മർച്ചൻഡൈസിംഗ്, ടെക്സ്റ്റൈൽ ഗാർമെന്റ് ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ എന്നിവയിലാണു സർട്ടിഫിക്കറ്റ് കോഴ്സ്. കാലാവധി ആറു മാസം. പത്താം ക്ലാസ് വിജയമാണു യോ ഗ്യത. തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരും എടിഡിസിക്കു പരിശീലനകേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.atdcindia. co.in.
മറ്റു പ്രമുഖ സ്ഥാപനങ്ങൾ
ഫാഷൻ, ഡിസൈൻ, ബിസിനസ്, ടെക്നോളജി മേഖലകളിൽ അന്താരാഷ്ട്രര നിലവാരമുള്ള കോഴ്സുകൾ നടത്തുന്ന സ്ഥാപനമാണ് പേൾ അക്കാഡമി. അക്കാഡമിക്ക് ഡൽഹി -നോയിഡ, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിൽ സെന്ററുകളുണ്ട്.
ജനുവരി,ഏപ്രിൽ, ജൂണ് മാസങ്ങളിലാരംഭിക്കുന്ന മൂന്ന് അഡ്മിഷൻ സൈക്കിളുകളിലായാണു പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: www.pearlacademy.com.
ഡിസൈൻ വില്ലേജ് (നോയിഡ): www. thedesignvillage.org. യുണൈറ്റഡ് വേൾഡ് (അഹമ്മദാബാദ്): www.unitedworld.in. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് ഡിസൈൻ (ന്യൂഡൽഹി): www.iiad.edu.in. വോഗ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ബംഗളൂരു):
www.voguefashioninstitute.com. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (പൂനെ): www.sid.edu.in. സൃഷ്ടി സ്കൂൾ ഓഫ് ആർട്, ഡിസൈൻ ആൻഡ് ടെക്നോളജി (ബംഗളൂരു): www.srishti.ac.in. സ്കൂൾ ഓഫ് ഡിസൈൻ സ്റ്റഡീസ് (യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ്- ഡെറാഡൂണ്): www.upes.ac.in . സ്കൂൾ ഓഫ് ഫാഷൻ ടെക്നോളജി (പൂനെ): www.softsndt.vsnl.net.