കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് റാലി ഒക്ടോബർ 23 മുതൽ നവംബർ നാല് വരെ കോഴിക്കോട്ടെ ഈസ്റ്റ് ഹില്ലിലുള്ള ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന റാലിയിൽ വടക്കൻ ജില്ലക്കാർക്കും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ളവർക്കും പങ്കെടുക്കാം. സോൾജിയർ ടെക്നിക്കൽ, നഴ്സിംഗ് അസിസ്റ്റന്റ്, ട്രേഡ്സ്മെന്, ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, ജനറൽ ഡ്യൂട്ടി വിഭാഗങ്ങളിലായാണ് അവസരം. ഏതെങ്കിലും ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
www.joinindianarmy.nic.in ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കു മാത്രമേ റാലിയിൽ പങ്കെടുക്കാൻ സാധിക്കൂ. സെപ്റ്റംബർ അഞ്ച് മുതൽ ഒക്ടോബർ ഏഴ് വരെ രജിസ്ട്രേഷൻ നടത്താം. ആധാർ കാർഡ് വിവരങ്ങളും നൽകണം. കൃത്യമായി അപേക്ഷിച്ചുകഴിഞ്ഞാൽ ഒക്ടോബർ 14 നു ശേഷം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കാവുന്നതാണ്. അഡ്മിറ്റ് കാർഡുമായി റാലി ദിവസം രാവിലെ നാലുമണിക്ക് റാലി സ്ഥലത്തു റിപ്പോർട്ട് ചെയ്യണം.
വിവിധ ദിവസങ്ങളിലായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, വയനാട് ജില്ലക്കാർക്കും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ളവർക്കും റാലിയിൽ പങ്കെടുക്കാൻ അവസരം നൽകും. അവിവാഹിതരായ പുരുഷൻമാർക്കു മാത്രമുള്ള ഒഴിവുകളാണിത്. റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ പത്തു രൂപ മുദ്രപത്രത്തിൽ തയാറാക്കിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്. 18 വയസിൽ താഴെയുള്ളവരാണെങ്കിൽ അവരുടെ രക്ഷിതാവിന്റെ സാക്ഷ്യപത്രവും കൊണ്ടുവരണം. 1. സോൾജിയർ ക്ലാർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ: പ്രായപരിധി 17½ മുതൽ 23 വയസുവരെ. യോഗ്യത- പ്ലസ്ടു/തത്തുല്യം. ഉയരം- 162 സെന്റിമീറ്റർ. തൂക്കം- 50 കിലോഗ്രാം, നെഞ്ചളവ്- 77/82 സെ.മീ.
2. സോൾജിയർ ടെക്നിക്കൽ: പ്രായപരിധി 17½ മുതൽ 23 വയസുവരെ.
യോഗ്യത- സയൻസ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
ഉയരം- 165 സെ.മീ. തൂക്കം- 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ.
3.സോൾജിയർ ജനറൽ ഡ്യൂട്ടി: പ്രായപരിധി 17½ മുതൽ 21 വയസുവരെ.
യോഗ്യത- 45 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. ഉയരം- 166 സെ.മീ. തൂക്കം- 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ.
4.സോൾജിയർ ട്രേഡ്സ്മാൻ: പ്രായപരിധി 17½ മുതൽ 23 വയസുവരെ. യോഗ്യത- പത്താംക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. ഉയരം- 166 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 76/81 സെ.മീ. ഹൗസ് കീപ്പർ, മെസ് കീപ്പർ വിഭാഗക്കാർ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
5. സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ് (നാവെറ്റ്): കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി മൊത്തം അന്പതുശതമാനം മാർ ക്കോ ടെ പ്ലസ്ടു. ബിഎസ്്സി ബിരുദം (ബോട്ടണി, സുവോളജി, ബയോ-സയൻസ്) ഉണ്ടെങ്കിൽ നിശ്ചിത ഇളവ് ലഭിക്കും.
താഴെ പറയുന്ന രേഖകൾ സ്ക്രീനിംഗ് സമയത്ത് ഹാജരാക്കണം:
എട്ടാം ക്ലാസ്/എസ്എസ്എൽസി /10+2/എസ്എസ്എൽസി ഇന്റർമീഡിയറ്റ്/വിഎച്ച്എസ്സി /ഐടിഐ/ബിരുദം സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പി. 15 പാസ്പോർട്ട് സൈസ് കളർ ഫോട്ടോ. നേറ്റിവിറ്റി/സ്ഥിരതാമസം/ജാതി സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകൾ തഹസിൽദാർ/ഡിസ്ട്രിക്ട് കളക്ടർ സാക്ഷ്യപ്പെടുത്തുകയും ഓഫീസ് സീൽ വയ്ക്കുകയും വേണം.
വില്ലേജ് ഓഫീസർ/ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച ആറു മാസത്തിൽ കവിയാത്ത സ്വഭാവ സർട്ടിഫിക്കറ്റ്. വിമുക്തഭടൻ/സർവീസിലുള്ളവർ/വിധവകൾ/യുദ്ധവിധവകൾ എന്നിവരുടെ മക്കളാണെങ്കിൽ, റിക്കാർഡ് ഓഫീസിൽനിന്നു ലഭിച്ച റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അസൽ എൻസിസി സർട്ടിഫിക്കറ്റും ഫോട്ടോകോപ്പിയും.
സ്പോർട്സ് സർട്ടിഫിക്കറ്റുള്ളവർ അതിന്റെ അസലും പകർപ്പും. 18 വയസ് തികയാത്ത ഉദ്യോഗാർഥികൾ രക്ഷകർത്താവിന്റെ സത്യവാങ്മൂലം 10 രൂപ മുദ്രപ്പത്രത്തിൽ ഇംഗ്ലീഷിൽ നൽകണം. 21 വയസിനു താഴെയുള്ളവർ അവിവാഹിതരായിരിക്കണം. എല്ലാ രേഖകളുടെയും അറ്റസ്റ്റ് ചെയ്ത മൂന്ന് ഫോട്ടോസ്റ്റാറ്റ് കോപ്പികൾ. വെബ്സൈറ്റ് www. joinindianarmy.nic.in