പോലീസ് സംവിധാനവുമായി അടുപ്പം പുലർത്തുന്നതും കുറ്റാന്വേഷണ മേഖലയിൽ ഒഴിവാക്കാനാകാത്തതുമായ ഒരു ശാസ്ത്രവിഭാഗമാണ് ഫോറൻസിക് സയൻസ്. എല്ലാ ശാസ്ത്ര വിഭാഗങ്ങളും ചേർന്ന ഫോറൻസിക് സയൻസ് നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ്. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തു നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും അവ പരിശോധിച്ച് ആ കുറ്റകൃത്യം നടന്ന രീതി, കുറ്റകൃത്യം നടന്ന സ്ഥലം, നടത്തിയ വ്യക്തി എന്നീ കാര്യങ്ങളുടെ യാഥാർഥ്യം തെളിവുകൾ സഹിതം കണ്ടെത്തി കോടതിക്ക് മുൻപിൽ ഹാജരാക്കുകയും നീതി നിർവഹണത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് ഫോറൻസിക് സയൻസ് എന്ന ശാസ്ത്ര വിഭാഗത്തിന്റെ ദൗത്യം.
പ്രധാന വിഭാഗങ്ങൾ
ടോക്സിക്കോളജി ( വിഷ ശാസ്ത്രം): വിഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശാസ്ത്രീയ പരിശോധന നടത്തി അതിന്റെ തെളിവുകൾ പോലീസിനും കോടതിക്കും സമർപ്പിക്കുന്ന വിഭാഗമാണിത്. ഉദാഹരണമായി ഒരാളെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിലോ വിഷം കുത്തിവച്ച് മരിച്ച നിലയിലോ കണ്ടെത്തിയാൽ ഇത്തരം കേസുകളിൽ ശാസ്ത്രീയ അന്വേഷണം നടത്തുന്ന വിഭാഗമാണിത്. നാർകോട്ടിക്സ് വിഭാഗം: പുകയില ഉത്പന്നങ്ങൾ, ലഹരി പദാർഥങ്ങൾ മുതലായവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നു. എക്സൈസ് വിഭാഗം: അബ്കാരി സംബന്ധമായ കേസുകളിലെ സാംപിൾ പരിശോധന, മദ്യത്തിൽ മായം കലർത്തിയിട്ടുണ്ടൊയെന്ന പരിശോധന എന്നിവ നടത്തുന്നു. കെമിസ്ട്രി വിഭാഗം: രാസവസ്തുക്കളുടെ പരിശോധന, തീ പിടിത്തം ഉണ്ടാകുന്ന കേസുകളിലെ സാംപിൾ പരിശോധന, സ്വർണാഭരണങ്ങളിൽ മായം കലർത്തിയിട്ടുണ്ടോയെന്ന പരിശോധന, സിമന്റ്, കോണ്ക്രീറ്റ്്്, പെട്രോളിയം ഉത്്പന്നങ്ങൾ, എണ്ണ, സോപ്പ് എന്നിവയുടെ പരിശോധന. ഫിസിക്സ് വിഭാഗം: ഗ്ലാസ്, പെയ്ന്റ്, മണ്ണ്്്, ഫൈബർ, വാഹനാപകടങ്ങൾ, തോക്കുകൾ, തിരകൾ, വാഹനങ്ങളുടെ എൻജിൻ നന്പറുകളിൽ കൃത്രിമം കാണിക്കുന്ന കേസുകൾ മുതലായവയിൽ സാംപിൾ ശേഖരണം നടത്തി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നു. ബയോളജി ആന്ഡ് സിറോളജി വിഭാഗം: വിവിധ കേസുകളിൽ പ്രതികളാകുന്നവരുടേയും ഇരകളാകുന്നവരുടെയും രക്തം, ഉമിനീർ തുടങ്ങിയ ശരീര സ്രവങ്ങളുടെ പരിശോധന കൂടാതെ മുടി, എല്ലുകൾ, പല്ലുകൾ എന്നിവയുടെ പരിശോധന നടത്തി പോലീസിനും കോടതിക്കും റിപ്പോർട്ട് സമർപ്പിക്കുന്നത് ബയോളജി, സിറോളജി വിഭാഗമാണ്. ഡിഎൻഎ വിഭാഗം: ശരീരസ്രവങ്ങളുടെ പരിശോധനയിലൂടെ വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്നു. കൂട്ടമാനഭംഗത്തെ തുടർന്ന് ഗർഭിണിയായി പ്രസവിക്കുന്ന സ്ത്രീയുടെ കുഞ്ഞിന്റെ പിതൃത്വം തിരിച്ചറിയാൻ സഹായിക്കുന്നത് ഡിഎൻഎ വിഭാഗമാണ്. എക്സ്പ്ലോസീവ് വിഭാഗം : ബോംബുകൾ, അവ നിർമിക്കാൻ ഉപയോഗിച്ച രാസവസ്തുക്കളുടെ പരിശോധന എന്നിവ കണ്ടെത്തുന്നു. ഡോക്യുമെന്റ് വിഭാഗം: ഒപ്പ്, കൈയെഴുത്ത്, ലോട്ടറി ടിക്കറ്റ്, ആധാരം, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ആധികാരികത, ഇവയിൽ വരുത്തിയിട്ടുള്ള തിരുത്തലുകൾ എന്നിവയും കള്ളനോട്ടുകൾ, ചെക്കുകൾ, ഡിഡി മുതലായവയുടെ യാഥാർഥ്യം കണ്ടെത്തുക എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകുന്ന വിഭാഗം. പോളിഗ്രാഫ് (നുണ പരിശോധന ): ഒരു വ്യക്തി ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുന്പോൾ അയാളിലുണ്ടാകുന്ന ശാരീരിക സ്പന്ദനങ്ങൾ, ഹൃദയമിടിപ്പ്, രക്തസമ്മർദം എന്നിവയിലുണ്ടാകുന്ന വ്യത്യാസം ആ വ്യക്തി പറയുന്നത് സത്യമാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുന്ന വിഭാഗമാണ് പോളിഗ്രാഫ്. സൈബർ ഫോറൻസിക് : മൊബൈൽ ഫോണ്, കംപ്യൂട്ടർ, ലാപ്ടോപ്പ്, മുതലായ ഇൻഫർമേഷൻ ടെക്നോളജി ഉപകരണങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നു. ഓഡിയോ ആന്ഡ് വീഡിയോ ഫോറൻസിക്: ശബ്ദം, വീഡിയോ ദൃശ്യം എന്നിവയിലെ ആധികാരികത പരിശോധിക്കുന്നതിനും അവ്യക്തമായ ദൃശ്യങ്ങളും ശബ്ദവും കൂടുതൽ വ്യക്തതയോടെ കണ്ടെത്തുന്ന വിഭാഗമാണ് ഓഡിയോ ആൻഡ് വീഡിയോ ഫോറൻസിക്്.
പഠനം
ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഫോറൻസിക് സയൻസ് പഠനത്തിനുള്ള പ്രവേശനത്തിന് അർഹത ലഭിക്കുകയുള്ളൂ. ഫോറൻസിക് പഠനത്തിന് അവസരമുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങൾ -ലോക്നായക് ജയപ്രകാശ് നാരായണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ്- ഡൽഹി. പഞ്ചാബി യൂണിവേഴ്സിറ്റി- പട്യാല, ബുന്ദേൽഖണ്ഡ് യൂണിവേഴ്സിറ്റി-ഉത്തർപ്രദേശ്, ഉസ്മാനിയ യൂണിവേഴ്സിറ്റി- ഹൈദരാബാദ്, ഡോ. ഹരിസിംഗ് ഗൗർ യൂണിവേഴ്സിറ്റി- മധ്യപ്രദേശ്, ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി- ഗാന്ധിനഗർ, ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി- ആഗ്ര, അമിറ്റി യൂണിവേഴ്സിറ്റി- ഡൽഹി.
തൊഴിൽ സാധ്യത
അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നി മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോറൻസിക് സയൻസ് ഉത്തമ പഠന വിഷയമാണ്. വാഹന അപകടം മുതൽ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ഫോറൻസിക് സയൻസിന്റെ സേവനം പ്രാധാന്യം അർഹിക്കുന്നു. കേരളത്തിൽ ഫോറൻസിക് സയൻസ് ലാബിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. മറ്റ് ജില്ലകളിലും ഫോറൻസിക് സയൻസ് വിഭാഗത്തിന് ഓഫീസുകൾ ഉണ്ട്്.
സർക്കാർ മേഖലയിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഫോറൻസിക് സയൻസ് പഠിച്ചവർക്ക് ജോലിസാധ്യതയുള്ളു. ട്രൂത്ത് ലാബ് (പ്രൈവറ്റ് ഫോറൻസിക് ലാബ്) ഉണ്ടെങ്കിലും ഇന്ത്യയിൽ ഇതിന് അത്ര പ്രചാരം ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ അഭിഭാഷകർ കേസ് വാദിക്കുന്ന രീതിയും ഇന്ത്യയിൽ കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല,
വിദേശരാജ്യങ്ങളിൽ സൈബർ ഫോറൻസിക്, ഫോറൻസിക് അക്കൗണ്ടിംഗ്, തുടങ്ങിയ മേഖലകളിൽ നല്ല ജോലി സാധ്യതയുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ജോലി സാധ്യത കുറവാണ്. ഓസ്ട്രേലിയ, കാനഡ തുടങ്ങി യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഫോറൻസിക് സയൻസ് ബിരുദാനന്തര ബിരുദധാരികളെ ജോലിക്കെടുക്കാറുണ്ടെങ്കിലും അവരുടെ കോഴ്സുകൾ പഠിച്ച് യോഗ്യത നേടേണ്ടത് ആവശ്യമാണ്. ബിരുദം നേടി ബിരുദാനന്തര ബിരുദതലത്തിൽ ഫോറൻസിക് പഠിച്ചവർക്കാണ് മേൽപറഞ്ഞ ജോലികൾക്ക് യോഗ്യരാകുന്നത്.
ഡോ. പി.സച്ചിദാനന്ദൻ
(അസിസ്റ്റന്റ് ഡയറക്ടർ -എക്സ്പ്ലോസീവ്, ഫോറൻസിക് സയൻസ് ലാബ്, തിരുവനന്തപുരം)