ഓഹരിവിപണിയിൽ ചുവടുറപ്പിക്കാം
ഓഹരി വിപണിയിലെ മാറിമറിയുന്ന മറിമായങ്ങൾ മനസിലാക്കിയാൽ മികച്ച കരിയർ വാർത്തെടുക്കാൻ കഴിയും. കന്പനികൾ, ഓഹരി ബ്രോക്കർമാർ, ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റുകൾ, രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്‍റുമാർ, സ്റ്റോക്ക് എക് സ്ചേഞ്ചുകൾ, മർച്ചന്‍റ് ബാങ്കർമാർ, മ്യൂച്ചൽ ഫണ്ട് ഏജന്‍റുമാർ, അസറ്റ് മാനേജ്മെന്‍റ് കന്പനികൾ, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിംഗ് സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കന്പനികൾ, ബാങ്കുകൾ ഇവിടങ്ങളിലൊക്കെ ഇത്തരം പ്രഫഷണലുകൾക്ക് അവസരങ്ങളുണ്ട്.

എന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രഫഷണൽ മികവിനായി നിശ്ചിത യോഗ്യത വേണമെന്ന നിഷ്കർഷ മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ മൂലധന വിപണിയെ നിയന്ത്രിക്കുന്ന സെബി ഇത്തരം സേവനങ്ങൾക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുന്നു. ഇതനുസരിച്ച് അതത് മേഖലകളിൽ സർട്ടിഫൈഡ് പ്രഫഷണലായുള്ളവർക്കു മാത്രമേ ജോലി ചെയ്യാൻ സാധിക്കൂ. ഇതുവഴി സുതാര്യവും മെച്ചപ്പെട്ടതുമായ ഇടപാടുകൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഇന്ത്യൻ സാന്പത്തികരംഗവുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്കായി മികച്ച പ്രഫഷണലുകളെ വാർത്തെടുക്കാൻ ഉദ്ദേശിച്ച് സെബി മേൽനോത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവി മുംബൈയിലെ വാഷിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ് (എൻഐഎസ്എം). എൻഐഎസ്എം നടത്തുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്: ക്യാപ്പിറ്റൽ മാർക്കറ്റുമായി ബന്ധപ്പെ സ്പെഷലിസ്റ്റുകളെ വാർത്തെടുക്കുന്ന പദ്ധതിയാണിത്. ഫണ്ട് മാനേജ്മെന്‍റ്, ഡീലിംഗ്, സെയിൽസ്, ഉത്പന്ന വിപണനം, ബ്രാൻഡ് മാനേജ്മെന്‍റ്, ഓപ്പറേഷൻസ്, സാന്പത്തിക ആസൂത്രണം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് പഠനം. ഏറ്റവും മികച്ച പ്രഫഷണലുകളെയും അക്കാഡമിക് വിദഗ്ധരെയും ഉൾപ്പെടുത്തി ലോകോത്തര കരിക്കുലത്തിൻ പിൻബലത്തിലാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനാൽ തന്നെ 100 ശതമാനം പ്ലേസ്മെൻറും ഉറപ്പാണ്. നാലു ടേമുകളായി ഒരു വർഷമാണ് കാലാവധി. അഖിലേന്ത്യാ മാനേജ്മെന്‍റ് അഭിരുചി പരീക്ഷകളിൽ ലഭിച്ച മികച്ച സ്കോറുകളാണ് പ്രവേശന മാനദണ്ഡം. എൻഐഎസ്എം നടത്തുന്ന മറ്റ് സർട്ടിഫിക്കേഷനുകളിൽ ലഭിച്ച മികച്ച മാർക്കും അഡ്മിഷന് സഹായിക്കും.

മേയ് ഏഴിനകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ഉപന്യാസ രചനയ്ക്കും ഇന്‍റർവ്യുവിനും ക്ഷണിക്കും. ഇവരിൽ നിന്നാണ് അന്തിമ തെരഞ്ഞെടുപ്പ്. 3,30,000 രൂപയാണ് ഒരു വർഷത്തെ ട്യൂഷൻ ഫീസ്.

അക്കാഡമിക് പ്രോഗ്രാമുകൾ

സർട്ടിഫിക്കറ്റ് ഇൻ സെക്യൂരിറ്റീസ് ലോസ്: ആറു മാസം കൊണ്ട് പൂർത്തിയാക്കാവുന്ന സർട്ടി ഫിക്കറ്റ് പ്രോഗ്രാമാണിത്. ബിരുദമാണ് കുറഞ്ഞ യോഗ്യതയെങ്കിലും എംബിഎ, എംകോം, കന്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞ് മൂലധന വിപണിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കാണ് ഇത് ഏറെ ഗുണം ചെയ്യുക. ബ്രോക്കർ സ്ഥാപനങ്ങളിലും ബാങ്കിലും കംപ്ലെയൻസ് വിഭാഗത്തിൽ ജോലി ലഭിക്കാൻ ഈ കോഴ്സ് ഉപകരിക്കും. ശനി, ഞായർ ദിവസങ്ങളിലായി 26 ആഴ്ചകൾ കൊണ്ട് ഈ കോഴ്സ് പൂർത്തിയാക്കാം.

സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷൽ എൻജിനിയറിംഗ് ആൻഡ് റിസ്ക് മാനേജ്മെന്‍റ്: ഇത് ഒരു വർഷത്തെ പ്രോഗ്രാമാണ്. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിലെ ക്ലാസുകളിൽ പങ്കെടുക്കാം. മറ്റുള്ളവർക്ക് ഓരോ മൂന്നു മാസത്തിലും 10 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കാന്പസ് പ്രോഗ്രാം വഴി ഈ കോഴ്സ് പൂർത്തിയാക്കാം. റിസ്ക് മാനേജ്മെന്‍റിലും, ട്രഷറി മാനേജ്മെന്‍റിലും മികച്ച തൊഴിലുകൾ തേടുന്നവർക്കാണ് ഈ കോഴ്സ് ഉപകരിക്കുക. ബിരുദമാണ് യോഗ്യത.

ഇവ കൂടാതെ 150ഓളം ഓണ്‍ലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും എൻഐഎസ്എം നടത്തി വരുന്നു. കൊച്ചിയുൾപ്പെടെയുള്ള സെന്‍ററുകളിൽ പരീക്ഷാ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.nism.ac.in.